കൃത്യസമയത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല; കഞ്ചാവ് കേസിലെ പ്രതികൾക്ക് ജാമ്യം

court
തിരുവനന്തപുരം: കൃത്യസമയത്ത് പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ 200 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മൂന്ന് പ്രതികൾക്ക് ജാമ്യം. വെഞ്ഞാറമൂട്ടിലെ വീട്ടിൽനിന്ന് കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികളായ കിഷോർ, മനു, വിനോദ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി കെ. സനിൽകുമാറിന്‍റേതാണ് ഉത്തരവ്. കഴിഞ്ഞ ജൂലൈ 16നാണ് പ്രതികൾ വാടകക്കെടുത്ത വീട്ടിൽനിന്ന് വെഞ്ഞാറമൂട് പൊലീസ് 200 കിലോ കഞ്ചാവ് പിടികൂടിയത്. 180 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ പ്രതികൾ ജയിലിൽ കിടന്ന് വിചാരണ നേരിടേണ്ടിവന്നേനെ. പ്രോസിക്യൂട്ടർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും 186-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. കഞ്ചാവ് വിറ്റ് സമൂഹത്തെ നശിപ്പിക്കുന്നവർക്ക് ജാമ്യം ലഭിക്കാൻ വഴിയൊരുക്കിയത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയാണെന്ന് കോടതി കുറ്റപ്പെടുത്തി. വീഴ്ച ആവർത്തിക്കാതിരിക്കാൻ ഉത്തരവിന്റെ പകർപ്പ് ഡി.ജി.പി ഉൾപ്പെടെ ഉദ്യോഗസ്ഥർക്ക് അയക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങൽ സി.ഐ തൻസീർ അബ്‌ദുൽ സമദ് കേസിനോട് കാട്ടിയ അവഗണനയിൽ കർശന നടപടി സ്വീകരിക്കാൻ പൊലീസ് മേധാവിയോട് റിപ്പോർട്ട് ചെയ്യാനും കോടതി നിർദേശം നൽകി.

Share this story