ഓൺലൈൻ ഡെലിവറി പരിചയം മുതലെടുത്തു, പെൺകുട്ടികളെ കാറിൽ കടത്തിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമം; അറസ്റ്റ്

news
 

എറണാകുളം:: ഓൺലൈൻ ഡെലിവറി പരിചയം മുതലെടുത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉൾപ്പെടെ കടത്തിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർ കൊച്ചിയിൽ പിടിയിലായി . ഏലൂർ സ്വദേശികളായ ഹരീഷ്, മഹിന്ദ്ര സുബ്രഹ്മണ്യൻ എന്നിവരാണ് സെൻട്രൽ പൊലീസിന്റെ പിടിയിലായത്.
കളമശേരിയിലെ ഹോസ്റ്റലിൽനിന്ന് ബുധനാഴ്ചയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കൂട്ടുകാരിയെയും പ്രതികൾ വശീകരിച്ച് കാറിൽ കടത്തി കൊണ്ടുപോയത്. 

ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ഹരീഷിന് നേരത്തെ പെൺകുട്ടികളുമായി പതിവായി ഭക്ഷണം എത്തിച്ചുള്ള പരിചയം ഉണ്ടായിരുന്നു. ഈ പരിചയം മുതലെടുത്ത് പെൺകുട്ടികളെ റൈഡിനു പോകാം എന്നു പറഞ്ഞ് വശീകരിച്ചു കാറിൽ കയറ്റി കൊണ്ട് കൊണ്ടുപോകുകയായിരുന്നു. പെൺകുട്ടികളുമായി എറണാകുളം മറൈൻഡ്രൈവ് വാക്ക് വേയിൽ എത്തിയ പ്രതികൾ അവിടെ വെച്ച് കുട്ടികളോട് അപമാര്യാദയായി പെരുമാറി.

പെൺകുട്ടികൾ ബഹളം വെച്ചതിനെതുടർന്ന് പ്രതികൾ സ്ഥലത്തുനിന്ന് ഓടി രക്ഷപെട്ടു. തുടർന്ന് പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു, പെൺകുട്ടികളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഇരുവരും നിരവധി കേസുകളിൽ പ്രതിയാണ്.

Share this story