കോഴിക്കോട്ടും, വയനാട്ടിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ്
Sep 23, 2022, 10:08 IST

കോഴിക്കോട്: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നതിനിടെ കോഴിക്കോട് ജില്ലയിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക അക്രമം. കൽപ്പറ്റയിൽ നിന്നും വന്ന ബസിന് നേരെ സിവിൽ സ്റ്റേഷന് മുന്നിൽ വച്ചുണ്ടായ കല്ലേറിൽ ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു. ഇദ്ദേഹത്തെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് നേരെയും കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്ത് വച്ച് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിന് നേരെയും കല്ലേറുണ്ടായി. തുടർച്ചയായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള സർവീസുകൾ നിർത്തി വച്ചിരിക്കുകയാണ്.പോലീസിന്റെ സംരക്ഷണയിൽ മാത്രം സർവീസുകൾ നടത്തിയാൽ മതിയെന്ന് അധികൃതർ നിർദേശം നൽകി.