കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് കെ.പി. ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. ആരോഗ്യനില വഷളായതിനെത്തുടർന്ന് വീൽചെയറിലാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്. ഇതോടെ ശങ്കരദാസ് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.(Sabarimala gold theft case, KP Sankaradas remanded for 14 days)
കേസിലെ ആറാം പ്രതിയും മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ എസ്. ശ്രീകുമാറിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 43-ാം ദിവസമാണ് ശ്രീകുമാറിന് ജാമ്യം ലഭിക്കുന്നത്.
ദ്വാരപാലക ശില്പ പാളികൾ കടത്തുന്നതിന് തൊട്ടുമുൻപാണ് താൻ ചുമതലയേറ്റതെന്നും മേലുദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്ന് കോടതിയിൽ വാദിച്ചു. കേസിലെ മറ്റൊരു പ്രമുഖ പ്രതിയായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് കഴിഞ്ഞ ദിവസം നിയമപരമായ ജാമ്യം ലഭിച്ചിരുന്നു.