തിരുവനന്തപുരം : ഡൽഹി-മീററ്റ് കോറിഡോർ മാതൃകയിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ അതിവേഗ റെയിൽപാത നിർമ്മിക്കുന്ന പദ്ധതിയാണ് ആർ ആർ ടി എസ്. 583 കിലോമീറ്റർ നീളമുള്ള ഈ പദ്ധതിക്കായി പ്രാഥമിക പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചു.(RRTS instead of K Rail, Rs 100 crore allocated in the budget)
മണിക്കൂറിൽ 160 മുതൽ 180 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാം. പരിസ്ഥിതി ആഘാതവും ഭൂമി ഏറ്റെടുക്കലും കുറയ്ക്കുന്നതിനായി എലിവേറ്റഡ് രീതിയിലാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്. കൊച്ചി മെട്രോ, വരാനിരിക്കുന്ന തിരുവനന്തപുരം, കോഴിക്കോട് മെട്രോകൾ എന്നിവയുമായി ഈ പാതയെ ബന്ധിപ്പിക്കും.
പൂർണ്ണരൂപത്തിലാകാൻ ഏകദേശം 12 വർഷം എടുക്കുമെന്ന് കരുതുന്ന പദ്ധതി 4 ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. ഒന്നാം ഘട്ടം തിരുവനന്തപുരം മുതൽ തൃശൂർ വരെ, രണ്ടാം ഘട്ടം തൃശൂർ മുതൽ കോഴിക്കോട് വരെ, മൂന്നാം ഘട്ടം കോഴിക്കോട് മുതൽ കണ്ണൂർ വരെ, നാലാം ഘട്ടം കണ്ണൂർ മുതൽ കാസർഗോഡ് വരെ.
കെ റെയിലിന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ എതിർപ്പുകൾ നിലനിൽക്കെ, കേന്ദ്ര നഗരകാര്യ വകുപ്പിന്റെ കീഴിലുള്ള ആർ.ആർ.ടി.എസ് മാതൃകയ്ക്ക് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.