കോഴിക്കോട്: മാളിക്കടവിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി വൈശാഖനെ പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്താലാണ് വൈശാഖൻ കൊലപാതകം ആസൂത്രണം ചെയ്തത്. ആത്മഹത്യയെന്ന് കരുതിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്ത് വന്നത്.(Malikkadavu Murder case, Accused in 5-day police custody)
പ്രതിയുടെ സ്ഥാപനത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതാണ് കേസിൽ നിർണ്ണായകമായത്. യുവതിയെ ക്രൂരമായി മർദ്ദിക്കുന്നതും, കഴുത്തിൽ കുരുക്കിട്ട ശേഷം അവൾ നിന്നിരുന്ന സ്റ്റൂൾ പ്രതി ചവിട്ടിത്തെറിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കൊലപാതകത്തിന് ശേഷവും പ്രതി മൃതദേഹത്തോടടക്കം ലൈംഗിക വൈകൃതങ്ങൾ കാണിച്ചതായി പൊലീസ് കണ്ടെത്തി.
കൊല്ലപ്പെട്ട യുവതിയുടെ ബാഗിൽ നിന്ന് ലഭിച്ച ഡയറിയിൽ താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് വിശദമായി എഴുതിയിരുന്നു. തനിക്ക് 16 വയസ്സുള്ളപ്പോൾ മുതൽ വൈശാഖൻ തന്നെ പീഡിപ്പിച്ചിരുന്നു എന്ന വെളിപ്പെടുത്തലിനെത്തുടർന്ന് പ്രതിക്കെതിരെ പോക്‌സോ കേസും രജിസ്റ്റർ ചെയ്തു.
ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് ജ്യൂസിൽ ഉറക്കഗുളിക കലർത്തി നൽകിയെന്നും യുവതി സ്വയം ആത്മഹത്യ ചെയ്തെന്നുമാണ് വൈശാഖൻ ആദ്യം മൊഴി നൽകിയത്. എന്നാൽ ഉറക്കഗുളിക കഴിച്ച് മയങ്ങിയെന്ന് അവകാശപ്പെട്ട പ്രതി, എങ്ങനെ നഗരത്തിലെ ആശുപത്രി വരെ വാഹനം ഓടിച്ചെത്തി എന്ന പൊലീസിന്റെ സംശയമാണ് കള്ളം പൊളിച്ചത്.
10 വർഷത്തോളമായി യുവതിയുമായി വൈശാഖൻ ബന്ധം പുലർത്തിയിരുന്നു. ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്വന്തം സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാൾ കൃത്യം നടത്തിയത്.