തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് വെറും അവകാശവാദങ്ങൾ മാത്രമാണെന്നും ഖജനാവ് ശൂന്യമാണെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ഖജനാവിൽ 'പൂച്ച പെറ്റുകിടക്കുന്ന' അവസ്ഥയാണെന്നും ബജറ്റിലെ ഒരു പ്രഖ്യാപനവും ജനങ്ങൾ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. (Budget is completely unreliable, just a political document, says VD Satheesan)
കേരള ചരിത്രത്തിലെ ഏറ്റവും മോശം പദ്ധതിച്ചെലവ് നടന്ന വർഷമാണിത്. 10 ലക്ഷം രൂപയിൽ കൂടുതൽ ട്രഷറിയിൽ നിന്ന് മാറാൻ കഴിയാത്ത സാഹചര്യത്തിലാണ് വമ്പൻ പ്രഖ്യാപനങ്ങൾ നടത്തുന്നത്. കഴിഞ്ഞ പത്ത് വർഷം പരാജയപ്പെട്ട മേഖലകളിൽ ഇപ്പോൾ മാറ്റമുണ്ടാകുമെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. 'ന്യൂ നോർമൽ' എന്ന പ്രയോഗത്തെയും അദ്ദേഹം പരിഹസിച്ചു.
ഈ ബജറ്റ് ഭരണ പരാജയത്തിന്റെ രേഖയാണെന്നും എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പോലെയാണ് ഇതെന്നും പി കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. സെൻസിറ്റീവ് ആയ വിഷയങ്ങളിൽ പോലും അനുവദിച്ച തുകയുടെ പകുതി പോലും സർക്കാർ ചെലവഴിക്കുന്നില്ല. അഞ്ചുവർഷം ഒന്നും നൽകാത്തവർ ഇപ്പോൾ പ്രഖ്യാപനങ്ങൾ നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഈ സർക്കാരിന്റെ ബജറ്റിന് പ്രസക്തിയില്ലെന്നും അടുത്ത സർക്കാരിന്റെ പ്രകടന പത്രികയ്ക്കാണ് ജനങ്ങൾ വില കൽപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.