ഓട്ടോയിൽ സഞ്ചരിച്ച യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

ഓട്ടോയിൽ സഞ്ചരിച്ച യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ
 തൃശൂര്‍: യുവതിക്ക് നേരെ സദാചാര ഗുണ്ട ആക്രമണവും ലൈംഗിക അതിക്രമവും നടത്തിയ കേസിൽ രണ്ട് പേര്‍ അറസ്റ്റില്‍.  സംഭവത്തിൽ പെരുമ്പിലാവ് സ്വദേശികളാണ് അറസ്റ്റിലായത്. ഓട്ടോയില്‍ യാത്ര ചെയ്‌തിരുന്ന യുവതിക്ക് നേരെ തൃശൂർ കല്ലുംപുറത്ത് വച്ചായിരുന്നു ആക്രമണം. പെരുമ്പിലാവ് സ്വദേശികളായ കൊമ്പത്തേയിൽ വീട്ടിൽ നൌഷാദ്, തൈവളപ്പിൽ വീട്ടിൽ ചാപ്പു എന്ന നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 26ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം.ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് ഫോണ്‍ വന്നതിനെ തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി. ഇതിനിടെ ബൈക്കിലെത്തിയ ഇരുവരും ഓട്ടോറിക്ഷയില്‍ ഇരുന്ന യുവതിയോട് അപമര്യാദയായി പെരുമാറി. യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.തടയാന്‍ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവറെ യുവതിക്കൊപ്പമിരുത്തി ചിത്രമെടുത്തതായും പറയുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചുപറിച്ചതായും പരാതിയിലുണ്ട്. കുന്നംകുളം പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.ഇതേ തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോയിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ എറണാകുളത്തുനിന്നും വലയിലായത്. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി.

Share this story