തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ ഇഹാൻ മരിച്ച സംഭവത്തിൽ പിതാവ് ഷിജിനെതിരെ കൊലക്കുറ്റം ചുമത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഭാര്യയോടുള്ള പിണക്കവും കുഞ്ഞിന്റെ പിതൃത്വത്തിലുള്ള സംശയവുമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഷിജിൻ പോലീസിനോട് വെളിപ്പെടുത്തി.(Father charged with murder in death of one-year-old boy)
കുഞ്ഞിനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നില്ലെന്നും ഭാര്യയുമായുള്ള വഴക്കിനിടെയുണ്ടായ ദേഷ്യത്തിൽ മർദ്ദിക്കുകയായിരുന്നുവെന്നുമാണ് പ്രതിയുടെ മൊഴി. കുഞ്ഞിനെ മടിയിൽ ഇരുത്തിയ ശേഷം കൈമുട്ട് കൊണ്ട് അടിവയറ്റിൽ ശക്തമായി അമർത്തുകയായിരുന്നു. ഇതേത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
കുഞ്ഞ് ബിസ്കറ്റും മുന്തിരിയും കഴിക്കുന്നതിനിടെ കുഴഞ്ഞുവീണെന്നായിരുന്നു ഷിജിൻ പോലീസിനോടും ഡോക്ടർമാരോടും പറഞ്ഞിരുന്നത്. കുട്ടിയുടെ വായിൽ നിന്ന് നുരയും പതയും വന്നതും ചുണ്ടിലെ നിറവ്യത്യാസവും ഡോക്ടർമാരിൽ സംശയമുണ്ടാക്കി. കൂടാതെ കുട്ടിയുടെ കൈയ്യിലെ പഴയ ഒടിവിനെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല. അടിവയറ്റിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞതോടെ ഷിജിന്റെ 'ബിസ്കറ്റ് കഥ' പൊളിഞ്ഞു.
ഭാര്യ കൃഷ്ണപ്രിയയോടുള്ള പിണക്കം കാരണം ഷിജിൻ കുഞ്ഞിനെ വെറുത്തിരുന്നതായി പോലീസ് പറയുന്നു. കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലി ഇവർക്കിടയിൽ നിരന്തരം വഴക്കുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് ഇഹാനെ ഷിജിൻ ഉപദ്രവിച്ചു പോന്നത്. കൊടും ക്രൂരതയാണ് പുറത്ത് വരുന്നത്.