തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അനധികൃതമായി ഫ്ലെക്സ് ബോർഡുകളും ബാനറുകളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴ. ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷൻ തന്നെയാണ് സ്വന്തം പാർട്ടിയുടെ ജില്ലാ പ്രസിഡന്റിന് പിഴ നോട്ടീസ് നൽകിയത് എന്നത് ശ്രദ്ധേയമായി.(Thiruvananthapuram Corporation fines BJP Rs 20 lakh)
ബുധൻ, വ്യാഴം ദിവസങ്ങളിലായി നഗരത്തിലെ നടപ്പാതകൾക്കും ഡിവൈഡറുകൾക്കും മുകളിൽ വൻതോതിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പൊതുജനങ്ങൾക്ക് തടസ്സമാകുന്ന രീതിയിൽ ഇവ സ്ഥാപിച്ചതിനെതിരെ വ്യാപക പരാതി ഉയർന്നതോടെയാണ് കോർപ്പറേഷൻ കർശന നടപടിയിലേക്ക് നീങ്ങിയത്.
ബോർഡുകൾ രണ്ട് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് കാണിച്ച് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോർപ്പറേഷൻ കത്ത് നൽകിയിരുന്നു. എന്നാൽ നടപ്പാതയ്ക്ക് കുറുകെയുള്ളവ മാറ്റിയതൊഴിച്ചാൽ മറ്റ് ബോർഡുകൾ നീക്കം ചെയ്യാൻ പാർട്ടി തയ്യാറായില്ല. വിമാനത്താവളം മുതൽ പുത്തരിക്കണ്ടം വരെയുള്ള പാതയിൽ സ്ഥാപിച്ച ബോർഡുകളുടെ കൃത്യമായ എണ്ണം ശേഖരിച്ച ശേഷമാണ് 20 ലക്ഷം രൂപയുടെ പിഴ നിശ്ചയിച്ച് സെക്രട്ടറി നോട്ടീസ് അയച്ചത്.
ആദ്യ നോട്ടീസിന് മറുപടി ലഭിച്ചില്ലെങ്കിൽ നിശ്ചിത ദിവസത്തിനുള്ളിൽ രണ്ടാമത്തെ നോട്ടീസ് നൽകും. തുടർന്ന് രണ്ട് തവണ ഹിയറിംഗിനായി അവസരം നൽകും. ഇതിലും പ്രതികരണം ഉണ്ടായില്ലെങ്കിൽ ജപ്തി ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കോർപ്പറേഷന് കടക്കാം.