കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം ഫണ്ട് തിരിമറി വിവാദത്തിൽ പാർട്ടി നേതൃത്വത്തിന് വെല്ലുവിളിയുമായി ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ വീണ്ടും രംഗത്ത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെക്കുറിച്ച് താൻ ഉന്നയിച്ച കൃത്യമായ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് നേതൃത്വമാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പാർട്ടി പുറത്തിറക്കിയ പ്രസ്താവന കേവലം അണികളെ പിടിച്ചുനിർത്താൻ വേണ്ടിയുള്ളതാണെന്നും അദ്ദേഹം പ്രതികരിച്ചു.(Will not go to any other party, V Kunhikrishnan in Martyr Fund scam)
തന്റെ ആത്മകഥ പുസ്തകമായി പുറത്തിറങ്ങിയിരുന്നെങ്കിൽ പാർട്ടി തന്നെ പുറത്താക്കുമായിരുന്നു. സി.പി.എം വിട്ട് മറ്റൊരു പാർട്ടിയിലേക്കും പോകാനില്ല. ആരും തന്നെ അങ്ങോട്ട് ക്ഷണിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക ആരോപണമുന്നയിച്ച കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും "ഒറ്റുകാരൻ" എന്ന് വിശേഷിപ്പിച്ചുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലിക്കൈയായി മാറിയെന്നാണ് കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ ഔദ്യോഗിക നിലപാട്. വി. കുഞ്ഞികൃഷ്ണന്റെ പരസ്യപ്രസ്താവനകൾ പാർട്ടിയെ വലിയ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ, നാളെ ചേരുന്ന കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം അതീവ നിർണ്ണായകമാണ്. സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്.