തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ബി.ജെ.പി പൊതുസമ്മേളന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാ നാഥും തമ്മിലുള്ള വികാരാധീനമായ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രധാനമന്ത്രിയുടെ പാദം തൊട്ടു വന്ദിച്ച ആശാ നാഥിനെ അപ്രതീക്ഷിതമായി തിരിച്ചു വന്ദിച്ച മോദിയുടെ നടപടിയാണ് ഏവരെയും അമ്പരപ്പിച്ചത്.(Deputy Mayor gets emotional after PM Modi's kind actions)
മേയർ വി.വി. രാജേഷിനൊപ്പം പ്രധാനമന്ത്രിക്ക് ഉപഹാരം നൽകാനാണ് ആശാ നാഥ് വേദിയിലെത്തിയത്. മോദിയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങാൻ അവർ മുതിർന്നപ്പോൾ, ഉടൻ തന്നെ അദ്ദേഹം തിരിച്ച് ആശാ നാഥിന്റെ പാദങ്ങളിൽ തൊട്ട് വന്ദിക്കുകയായിരുന്നു. ഈ അപ്രതീക്ഷിത ആദരവിൽ വികാരാധീനയായ ആശാ നാഥ് കണ്ണുകൾ തുടയ്ക്കുന്നത് വേദിയിലുണ്ടായിരുന്നവരെല്ലാം കണ്ടു.
പിന്നീട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആ നിമിഷത്തെക്കുറിച്ച് ഡെപ്യൂട്ടി മേയർ മനസ്സ് തുറന്നത്. അത് ദുഃഖത്തിന്റെ കണ്ണീരല്ല; സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും കണ്ണീരായിരുന്നു. അധികാരത്തിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന പ്രധാനമന്ത്രി വിനയത്തോടെ എന്റെ കാലുകൾ തിരിച്ചു വന്ദിച്ചപ്പോൾ ഞാൻ എന്നെത്തന്നെ മറന്നുപോയി. ഈ നേതാവിൽ ഞാൻ കണ്ടത് അധികാരമല്ല, മനുഷ്യത്വത്തെയും സംസ്കാരത്തെയുമാണ്. ഭാരതത്തിന്റെ ആത്മാവിനെത്തന്നെയാണ് എന്നാണ് അവർ പറഞ്ഞത്.