പാലക്കാട്: മണ്ണാർക്കാട് തച്ചംപാറ നിവാസികളുടെ ഉറക്കം കെടുത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. തച്ചംപാറ ചെന്തുണ്ട് ഭാഗത്ത് സ്ഥാപിച്ച കെണിയിലാണ് ഇന്ന് പുലർച്ചെയോടെ പുലി അകപ്പെട്ടത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി കൂട്ടിലാകുന്ന നാലാമത്തെ പുലിയാണിത്.(The Leopard that terrorized Palakkad is finally trapped)
കഴിഞ്ഞ ദിവസം പ്രദേശവാസിയായ റെജിയുടെ ആറ് മാസം പ്രായമുള്ള പശുക്കിടാവിനെ പുലി പിടികൂടി കൊന്നിരുന്നു. ജനവാസ മേഖലയിൽ പുലി ഇറങ്ങുന്നത് പതിവായതോടെ നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്നാണ് വനംവകുപ്പ് ചെന്തുണ്ട് ഭാഗത്ത് അടിയന്തരമായി കൂട് സ്ഥാപിച്ചത്.
ഏകദേശം അഞ്ച് വയസ്സ് പ്രായമുള്ള പുലിയാണ് പിടിയിലായത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയുടെ ആരോഗ്യനില പരിശോധിച്ചുവരികയാണ്.