ശശി തരൂർ കടുത്ത അതൃപ്തിയിലോ ?: പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടു നിന്നേക്കും | Shashi Tharoor
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കോൺഗ്രസ് കടക്കുന്നതിനിടെ, പാർട്ടി നേതൃത്വവുമായി മുതിർന്ന നേതാവ് ശശി തരൂർ എം.പി വീണ്ടും ഉടക്കിയതായി സൂചന. ജനുവരി 19-ന് കൊച്ചിയിൽ നടന്ന കെ.പി.സി.സി 'മഹാപഞ്ചായത്ത്' പരിപാടിയിൽ താൻ അപമാനിക്കപ്പെട്ടെന്ന വികാരത്തിലാണ് അദ്ദേഹം. ഇതേത്തുടർന്ന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് തരൂർ വിട്ടുനിന്നേക്കുമെന്നാണ് സൂചന.(Is Shashi Tharoor deeply dissatisfied with the Congress party ?)
തരൂരുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച് പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് അദ്ദേഹത്തിന് പരാതിയുള്ളത്. പരിപാടിയുടെ ക്രമീകരണങ്ങളെക്കുറിച്ച് കൃത്യമായ വിവരം പാർട്ടി നേതൃത്വം മുൻകൂട്ടി നൽകിയില്ല. സമയപരിമിതിയുണ്ടെന്ന് അറിയിച്ച് തരൂരിന്റെ പ്രസംഗം നേരത്തെയാക്കി മാറ്റി. എന്നാൽ രാഹുൽ ഗാന്ധി വേദിയിലെത്തിയ ശേഷം മറ്റ് നേതാക്കൾക്ക് ദീർഘനേരം സംസാരിക്കാൻ അവസരം നൽകുകയും ചെയ്തു.
രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ നടന്ന പ്രധാന സെഷനുകളിൽ തന്നെ മനഃപൂർവ്വം തഴഞ്ഞുവെന്ന വികാരമാണ് തരൂരിനുള്ളത്. നേരത്തെ പാർട്ടിക്കെതിരെ പരസ്യ നിലപാടുകൾ എടുക്കില്ലെന്നും പൂർണ്ണമായും പാർട്ടിക്ക് വിധേയനായിരിക്കുമെന്നും തരൂർ നേതൃത്വത്തിന് ഉറപ്പ് നൽകിയിരുന്നു.

