എസ്. പി. കേഡറ്റുകൾക്ക് ഇനി സെറിമോണിയൽ വസ്ത്രങ്ങൾ

 എസ്. പി. കേഡറ്റുകൾക്ക് ഇനി സെറിമോണിയൽ വസ്ത്രങ്ങൾ 
 

തൃശൂർ: കുന്നംകുളം നഗരസഭ തനതു ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് കുന്നംകുളം ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ് പി സി കേഡറ്റുകള്‍ക്ക് സെറിമോണിയല്‍ വസ്ത്രങ്ങള്‍ നല്‍കി. റിപ്പബ്ലിക് ദിനത്തില്‍ സെറിമോണിയല്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് കേഡറ്റുകള്‍ക്ക് ഇനി റാലിയെ അഭിസംബോധന ചെയ്യാനാകും.

സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിങ്ങനെയുള്ള ദേശീയ ദിനങ്ങളിലെ പരേഡുകളില്‍ അണിയാന്‍ ഇവിടുത്തെ എസ് പി സി കേഡറ്റുകള്‍ സെറിമോണിയല്‍ വസ്ത്രങ്ങള്‍ കടമെടുക്കുകയായിരുന്നു ചെയ്തിരുന്നത്. ഒരു ചടങ്ങിനിടെ ഇക്കാര്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ഇതിനു പരിഹാരമുണ്ടാക്കാമെന്ന് എസ് പി സി മേധാവികള്‍ക്ക് ഉറപ്പുനല്‍കി. തുടര്‍ന്ന് നഗരസഭയുടെ തനതു ഫണ്ടില്‍ നിന്ന് എസ് പി സി കേഡറ്റുകള്‍ക്ക് സെറിമോണിയല്‍ വസ്ത്രങ്ങള്‍ക്കായി 50,000 രൂപ മാറ്റി വെയ്ക്കുകയായിരുന്നു.

സെറിമോണിയല്‍ വസ്ത്രങ്ങള്‍ ലഭിച്ചതോടെ ഇനിമുതല്‍ എല്ലാ പരേഡുകളിലും ഇതണിഞ്ഞ് അഭിവാദ്യം ചെയ്യാനാവുമെന്ന സന്തോഷത്തിലാണ് ഇവിടുത്തെ എസ് പി സി കേഡറ്റുകള്‍. 83 പേരാണ് എസ് പി സി കേഡറ്റുകളായി സ്കൂളിലുള്ളത്. ഇതില്‍ 44 പേരാണ് ഇപ്പോള്‍ സെറിമോണിയല്‍ വസ്ത്രങ്ങള്‍ ധരിക്കുക. 2021 ലാണ് സ്കൂളില്‍ എസ് പി സി ആരംഭിച്ചത്.

സെറിമോണിയല്‍ വസ്ത്രങ്ങളുടെ വിതരണം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ ഷെബീര്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, ടി സോമശേഖരന്‍, പ്രിയ സജീഷ്, കൗണ്‍സിലര്‍മാരായ ബിജു സി ബേബി, സുനില്‍കുമാര്‍, സനല്‍, സി പി ഒ മാരായ ഹരിദാസ്, ഷീന, അധ്യാപകരായ എം കെ ആനന്ദ്കുമാര്‍, പി ഐ റസിയ, എം കെ സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ചടങ്ങില്‍ സെറിമോണിയല്‍ വസ്ത്രങ്ങളണിഞ്ഞ കേഡറ്റുകളില്‍ നിന്ന് ചെയര്‍പേഴ്സണ്‍ സല്യൂട്ട് സ്വീകരിച്ചു.

Share this story