തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അന്തഃസത്ത തകർക്കുന്ന പുതിയ ബിൽ ലോക്‌സഭയിൽ പാസാക്കിയ കേന്ദ്ര സർക്കാർ നടപടി നീതീകരണമില്ലാത്ത ജനവിരുദ്ധതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ കർഷകരെയും കർഷകത്തൊഴിലാളികളെയും വെല്ലുവിളിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(The Sangh Parivar is afraid of even the memories of Gandhiji, says CM Pinarayi Vijayan)
പദ്ധതിയുടെ പേരും ഘടനയും മാറ്റുന്നത് മഹാത്മാഗാന്ധിയുടെ ഓർമ്മകളെപ്പോലും ഭയപ്പെടുന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. ഗാന്ധിജിയുടെ പേര് പദ്ധതിയിൽ നിന്ന് നീക്കം ചെയ്തത് ഇതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടി സംസ്ഥാനങ്ങൾക്ക് മേൽ വലിയ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കാനാണ് യൂണിയൻ സർക്കാർ ശ്രമിക്കുന്നത്. പദ്ധതിക്കായുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ച് ഇതിനെ നിർവീര്യമാക്കാൻ നേരത്തെ തന്നെ ശ്രമങ്ങൾ നടന്നിരുന്നു.
തിരക്കേറിയ കാർഷിക സീസണുകളിൽ 60 ദിവസം വരെ പദ്ധതി മരവിപ്പിക്കാമെന്ന വ്യവസ്ഥ ബില്ലിലുണ്ട്. ഇത് ഗ്രാമീണ മേഖലയിലെ സാധാരണക്കാരുടെ ഉപജീവനത്തെ തകർക്കുന്ന വിപൽകരമായ തീരുമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൻ.ഡി.എ ഘടകകക്ഷികൾ പോലും ആശങ്ക പ്രകടിപ്പിച്ചിട്ടും ബിൽ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാൻ സർക്കാർ തയ്യാറായില്ല. അധികാരമുപയോഗിച്ച് പദ്ധതിയെ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മർദ്ദം മൂലമാണ് തൊഴിലുറപ്പ് പദ്ധതി യാഥാർത്ഥ്യമായതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. അന്ന് കോൺഗ്രസ് മനസ്സില്ലാമനസ്സോടെയാണ് പദ്ധതി കൊണ്ടുവന്നതെന്നും ആ താല്പര്യക്കുറവ് അവർ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ ജനാഭിപ്രായം രൂപപ്പെടണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.