

കൊച്ചി: മാതൃത്വത്തെക്കുറിച്ചും ഒരു കുഞ്ഞിനായുള്ള തന്റെ തീവ്രമായ ആഗ്രഹത്തെക്കുറിച്ചും മനസ്സുതുറന്ന് നടി ജുവൽ മേരി. വിവാഹമോചനത്തിന് ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ചും കുഞ്ഞുണ്ടായില്ല എന്ന സങ്കടം തന്നെ എങ്ങനെ ബാധിക്കുന്നുവെന്നും ജുവൽ അഭിമുഖത്തിൽ പങ്കുവെച്ചു. തനിക്ക് ഒരു കുഞ്ഞുണ്ടായില്ല എന്നത് ഉള്ളിന്റെ ഉള്ളിൽ വലിയ വേദനയാണെന്ന് ജുവൽ പറയുന്നു.
"എനിക്ക് കുഞ്ഞുണ്ടായിട്ടില്ല. അത് നടക്കാത്തതിന്റെ ഒരു ശൂന്യത തോന്നുമ്പോൾ ഞാൻ 'ലാലി ലാലി' പാട്ട് വെച്ച് കരയും. കഴിഞ്ഞയാഴ്ചയും ഞാൻ കരഞ്ഞു. പീരിയഡ്‌സിന് മുമ്പ് എനിക്ക് കുട്ടിയുണ്ടായില്ലല്ലോ എന്ന സങ്കടം വല്ലാതെ വരും."
പലരും വൈകിയ വേളയിൽ ഇനി കുട്ടി വേണോ എന്ന് ചോദിക്കാറുണ്ടെങ്കിലും, തന്റെ ഉള്ളിൽ ആ ആഗ്രഹം ഇപ്പോഴും ബാക്കിയുണ്ടെന്ന് താരം കൂട്ടിച്ചേർത്തു.
തനിക്ക് ഒരു സാങ്കല്പിക കുഞ്ഞുണ്ടെന്നും ആ കുഞ്ഞിനോട് താൻ സംസാരിക്കാറുണ്ടെന്നും ജുവൽ വെളിപ്പെടുത്തി.വെറുമൊരു മദർഹുഡ് അനുഭവിക്കാനല്ല, മറിച്ച് തന്നിൽ നിന്ന് ജനിക്കുന്ന ആ വ്യക്തിയെ കാണാനാണ് താൻ ആഗ്രഹിക്കുന്നത്. തന്റെ ജീവിതാനുഭവങ്ങൾ ആ കുട്ടിക്ക് പറഞ്ഞു കൊടുക്കണം എന്നാണ് ആഗ്രഹം. "ആ വ്യക്തി എന്റെ ഉള്ളിൽ നിന്ന് തന്നെ വരണം. അത് ഈ ജന്മം പറ്റിയില്ലെങ്കിൽ അടുത്ത ജന്മത്തിലെങ്കിലും ശ്രമിക്കും," ജുവൽ പറഞ്ഞു.
ദത്തെടുക്കുന്നതിനോട് തനിക്ക് യോജിക്കാൻ കഴിയില്ലെന്നും തന്നിൽ നിന്ന് തന്നെ പിറക്കുന്ന കുഞ്ഞിനെ കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ജുവൽ മേരി വ്യക്തമാക്കി. തന്റെ ജീവിതത്തിലെ പ്രതിസന്ധികളെയും രോഗത്തെയും ധീരമായി നേരിട്ട ജുവലിന്റെ ഈ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിട്ടുണ്ട്.