തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വൈറലായ 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനം പിൻവലിക്കണമെന്ന പൊലീസ് നിർദ്ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. ഗാനം സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മെറ്റയ്ക്ക് കത്ത് നൽകി. കോടതിയുടെ വ്യക്തമായ ഉത്തരവില്ലാതെ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.(VD Satheesan writes to Meta regarding the parody song case )
തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് പുറത്തിറങ്ങിയ പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയിലാണ് പൊലീസ് നടപടി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഗാനം നവമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റ, യൂട്യൂബ് കമ്പനികൾക്ക് സൈബർ പൊലീസ് നിർദ്ദേശം നൽകിയിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവ് നിലപാട് കടുപ്പിച്ചത്.
പരാതിക്കാരന്റെ മൊഴി സൈബർ പൊലീസ് നാളെ രേഖപ്പെടുത്തും. ഇതിന് ശേഷമായിരിക്കും തുടർന്നുള്ള നിയമനടപടികൾ. രാഷ്ട്രീയമായ ആക്ഷേപഹാസ്യത്തെ അടിച്ചമർത്താനുള്ള നീക്കമാണ് പൊലീസ് നടത്തുന്നതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. ഗാനത്തിന് പിന്നിൽ പ്രവർത്തിച്ചവർ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് ഇവർ വാദിക്കുന്നു.