

തിരുവനന്തപുരം: പാരഡി ഗാനത്തിന്റെ പേരിൽ കേസെടുക്കുന്ന പോലീസ് നടപടിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കെ. മുരളീധരൻ. പാട്ട് നിരോധിക്കാൻ നോക്കിയാൽ, അത് നിരോധിച്ചവരുടെ വീട്ടുപടിക്കൽ പോയി കോൺഗ്രസ് നേതാക്കൾ ആ പാട്ട് പാടുമെന്ന് അദ്ദേഹം വെല്ലുവിളിച്ചു.(Will go and sing in front of the houses of those who banned it, K Muraleedharan on Parody song controversy)
ശബരിമലയിലെ സ്വർണ്ണം മോഷ്ടിക്കുന്നതാണ് തെറ്റെന്നും, അല്ലാതെ അത് കട്ടവരെക്കുറിച്ച് പാട്ട് പാടുന്നത് തെറ്റല്ലെന്നും മുരളീധരൻ പറഞ്ഞു. "കക്കുമ്പോൾ ആലോചിക്കണമായിരുന്നു" എന്ന് അദ്ദേഹം പരിഹസിച്ചു. ഈ വിഷയത്തിൽ സി.പി.എം നേതാവ് ജി. സുധാകരൻ ഫേസ്ബുക്കിൽ പങ്കുവെച്ച നിലപാട് തന്നെയാണ് തനിക്കും പറയാനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ വിമർശനങ്ങളെ പാട്ടിലൂടെ നേരിടുന്നത് സ്വാഭാവികമാണെന്ന സൂചനയാണ് ഇതിലൂടെ നൽകിയത്.
സർക്കാരിന് ശരിക്കും അയ്യപ്പനോട് സ്‌നേഹമുണ്ടെങ്കിൽ സ്വർണ്ണക്കവർച്ചാ കേസിൽ ജയിലിൽ കഴിയുന്ന നേതാക്കളെ പുറത്തിറക്കി സത്യം തെളിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിലെ സ്വർണ്ണക്കവർച്ചാ ആരോപണങ്ങൾ മുൻനിർത്തി തയ്യാറാക്കിയ പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്. ഗാനം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റ ഉൾപ്പെടെയുള്ള കമ്പനികൾക്ക് പോലീസ് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് മുരളീധരന്റെ ഈ ശക്തമായ പ്രതികരണം.