

കോഴിക്കോട്: സിനിമാ നിരൂപണങ്ങളുടെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് തുറന്നു പറഞ്ഞ് പ്രമുഖ യൂട്യൂബ് റിവ്യൂവർ അശ്വന്ത് കോക്ക്. മമ്മൂട്ടി ആരാധകരിൽ നിന്നും ബസ് യാത്രക്കിടയിലും തനിക്ക് നേരെ മോശം അനുഭവങ്ങൾ ഉണ്ടായതായി കോക്ക് വെളിപ്പെടുത്തി.
കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് ഒരു മമ്മൂട്ടി ആരാധകൻ തന്നെ തല്ലാൻ വന്ന കാര്യം അശ്വന്ത് ഓർത്തെടുത്തു.
"നീ കോക്കല്ലേ എന്ന് ചോദിച്ചായിരുന്നു അയാൾ വന്നത്. മമ്മൂക്കയുടെ ഹിറ്റാവാൻ സാധ്യതയുള്ള സിനിമകൾക്ക് നെഗറ്റീവ് റിവ്യൂ നൽകുകയും വിജയിക്കാത്ത സിനിമകളെ പുകഴ്ത്തുകയും ചെയ്യുന്നു എന്നതായിരുന്നു അയാളുടെ പരാതി. ഞാൻ ഒന്നും പറയാൻ നിന്നില്ല. പിന്നീട് എന്നെ തല്ലിയെന്ന് പറഞ്ഞ് അയാൾ പല ഫാൻ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചതായി അറിഞ്ഞു, എന്നാൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല."
ബസ് യാത്രയ്ക്കിടയിൽ മൂന്ന് പേർ തന്നെ പ്രകോപിപ്പിക്കാൻ ശ്രമിച്ചതായും, "നീ നശിച്ചു പോകും" എന്ന് പറഞ്ഞ് പലരും ശപിക്കാറുണ്ടെന്നും അശ്വന്ത് പറയുന്നു. നല്ല സിനിമകൾ തന്റെ റിവ്യൂ കാരണം പരാജയപ്പെടുന്നു എന്ന തെറ്റായ ചിന്തയാണ് ഇത്തരം ദേഷ്യത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ റിവ്യൂകൾ കണ്ട് പ്രമുഖ സംവിധായകർക്ക് വിഷമം തോന്നിയിട്ടുണ്ടെന്നും കോക്ക് പറഞ്ഞു. കാതൽ എന്ന സിനിമയ്ക്ക് നൽകിയ നെഗറ്റീവ് റിവ്യൂ കണ്ട് സംവിധായകൻ ജിയോ ബേബി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സിനിമ ഒരു 'പ്രൊപ്പഗണ്ട' പോലെയാണ് തോന്നിയതെന്നും ടെക്നിക്കലി വീക്ക് ആണെന്നുമായിരുന്നു അശ്വന്തിന്റെ നിലപാട്.
സൗദി വെള്ളക്ക എന്ന ചിത്രത്തെ കുറിച്ച് നെഗറ്റീവ് പറഞ്ഞപ്പോൾ സംവിധായകൻ തരുൺ മൂർത്തിക്കും വലിയ വിഷമമുണ്ടായതായി അശ്വന്ത് പറഞ്ഞു. പ്ലസ് ടു ഇംഗ്ലീഷ് അധ്യാപകനായ അശ്വന്ത് കോക്ക് ഇപ്പോൾ അഞ്ച് വർഷത്തെ അവധിയിലാണെന്ന കാര്യവും അഭിമുഖത്തിൽ വെളിപ്പെടുത്തി.