Times Kerala

 

കൊച്ചി-മുസിരിസ് ബിനാലെയില്‍ തയ്യാറാക്കിയ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ

പുതിയ ടെയില്‍ ആര്‍ട്ട് മന്ത്രി പി എ മുഹമ്മദ് റിയാസ് അനാച്ഛാദനം ചെയ്യും

 
air india
 

കൊച്ചി: ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയര്‍ലൈന്‍ ആയ എയര്‍ ഇന്ത്യ എക്സ്പ്രസ് കൊച്ചി -മുസിരിസ് ബിനാലെയില്‍ തയ്യാറാക്കിയ പുതിയ ടെയില്‍ ആര്‍ട്ട് റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് അനാച്ഛാദനം ചെയ്യും. ബോയിങ് 737-800 വിമാനത്തിലായിരിക്കും ഇത് പതിപ്പിക്കുക.  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ള എയര്‍ ഇന്ത്യ എഞ്ചിനീയറിങ് സര്‍വീസസ് ഹാങ്കറിലായിരിക്കും ചടങ്ങു നടക്കുക. ആര്‍ട്ടിസ്റ്റ് ജി എസ് സ്മിതയുടെ അക്രലിക് പെയിന്‍റിങ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ 25 അടി നീളമുള്ള ടെയില്‍ ആര്‍ട്ടായി മാറ്റുകയായിരുന്നു.

 

കേരളാ പൊതു മരാമത്ത്, വിനോദ സഞ്ചാര വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ്, എയര്‍ ഇന്ത്യ എക്സ്പ്രസ് സിഇഒയും എയര്‍ ഏഷ്യാ ഇന്ത്യ പ്രസിഡന്‍റുമായ അലോക് സിങ്, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി എന്നിവര്‍ ചേര്‍ന്ന് ടെയില്‍ ആര്‍ട്ട് അനാച്ഛാദനം ചെയ്യും.

 

രാജ്യത്തിന്‍റെ ധനികമായ സംസ്ക്കാരവും പാരമ്പര്യവും ചേര്‍ത്തു പിടിച്ചു കൊണ്ട് മികച്ച കലാസൃഷ്ടികള്‍ തങ്ങളുടെ വിമാനങ്ങളുടെ പിന്‍ഭാഗത്ത് പ്രദര്‍ശിപ്പിക്കുന്ന ദീര്‍ഘകാല പാരമ്പര്യമാണ് എയര്‍ ഇന്ത്യ എക്സ്പ്രസിനുള്ളത്. കൊച്ചി ബിനാലെ കലാകാരന്‍മാര്‍ തയ്യാറാക്കിയ പുതിയ ടെയില്‍ ആര്‍ട്ട് വഴി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ സന്ദേശം ആകാശത്തിലേക്കും ആഗോള തലത്തിലേക്കും എത്തിക്കുകയാണ്. 2022 ഡിസംബറില്‍ ആരംഭിച്ച കൊച്ചി -മുസിരിസ് ബിനാലെ 2023 ഏപ്രില്‍ വരെ നീളും. ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക ആര്‍ട്ട് ഫെസ്റ്റിവലായ ഇതിന്‍റെ ഔദ്യോഗിക ട്രാവല്‍ പങ്കാളികള്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസുമാണ്.

           

ഇന്ത്യന്‍ സംസ്ക്കാരത്തെ ആഗോള തലത്തില്‍ പ്രതിനിധീകരിക്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റേയും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റേയും പരസ്പര ബന്ധത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഈ ചടങ്ങിലൂടെ പിന്നിടുന്നത്.

Related Topics

Share this story