കൊച്ചി: മലയാള സിനിമയിലെ അതുല്യ പ്രതിഭയും നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട നൽകി കേരളം. സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.(Kerala pays it's last respects to Sreenivasan, funeral at 10 am today)
ചികിത്സയിലായിരുന്ന അദ്ദേഹം ഉദയംപേരൂരിലെ വസതിയിൽ വിശ്രമത്തിലായിരുന്നു. ഇന്നലെ രാവിലെ പതിവ് ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ 8:30-ഓടെ മരണം സ്ഥിരീകരിച്ചു.
ഇന്നലെ തൃപ്പൂണിത്തുറ ടൗൺ ഹാളിലും കണ്ടനാട്ടെ വസതിയിലും നടന്ന പൊതുദർശനത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിച്ചേർന്നു. സഹപ്രവർത്തകരും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ഉൾപ്പെടെയുള്ളവർ പ്രിയപ്പെട്ട കലാകാരനെ അവസാനമായി കാണാൻ എത്തിയതോടെ വികാരാധീനമായ രംഗങ്ങൾക്കാണ് തൃപ്പൂണിത്തുറ സാക്ഷ്യം വഹിച്ചത്.
മലയാളിയുടെ സാധാരണ ജീവിതത്തെ ഒട്ടും നാടകീയതയില്ലാതെ വെള്ളിത്തിരയിൽ എത്തിച്ച ബുദ്ധിമാനായ സിനിമാക്കാരനായിരുന്നു ശ്രീനിവാസൻ. നർമ്മത്തിൽ ചാലിച്ച മൂർച്ചയുള്ള പരിഹാസങ്ങളിലൂടെ അദ്ദേഹം സമൂഹത്തിലെ തിന്മകളെ തുറന്നുകാട്ടി.
പ്രണയവും, സൗഹൃദവും, നിരാശയും അത്രമേൽ തീവ്രതയോടെ അദ്ദേഹം പ്രേക്ഷകരിലേക്ക് എത്തിച്ചു. നായകനായും വില്ലനായും ഹാസ്യതാരമായും അദ്ദേഹം പകർന്നാടാത്ത വേഷങ്ങളില്ല. മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ അവസാനമാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ആ ചിരിയും ചിന്തകളും ഇനി മലയാളിയുടെ ഓർമ്മകളിൽ മാത്രം.