തിരുവനന്തപുരം: ചില സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ തടയാൻ സംഘപരിവാർ നീക്കം നടത്തുന്നതായുള്ള പരാതികളിൽ കർശന നിലപാടുമായി സംസ്ഥാന സർക്കാർ. വിദ്യാലയങ്ങളിൽ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ വിഭജനമുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇത്തരം നീക്കങ്ങളെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി.(Strict action will be taken if Christmas celebrations in schools are stopped, says Minister V Sivankutty)
ഓണവും ക്രിസ്മസും പെരുന്നാളുമെല്ലാം കേരളത്തിലെ വിദ്യാലയങ്ങളിൽ ഒരുപോലെ ആഘോഷിക്കണമെന്നതാണ് സർക്കാർ നിലപാട്. ഏതെങ്കിലും ഒരു മതത്തിന്റെ ആഘോഷത്തിന് മാത്രം വിലക്ക് ഏർപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമായ വിവേചനമാണ്. ക്രിസ്മസ് ആഘോഷത്തിനായി കുട്ടികളിൽ നിന്ന് പണം പിരിച്ച ശേഷം പരിപാടി വേണ്ടെന്ന് വെക്കുന്നത് അംഗീകരിക്കാനാവില്ല. പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും കുട്ടികൾ പഠിക്കുന്നത് ഇത്തരം ഒത്തുചേരലുകളിൽ നിന്നാണ്.
എയ്ഡഡ് ആയാലും അൺ എയ്ഡഡ് ആയാലും എല്ലാ സ്കൂളുകളും പ്രവർത്തിക്കുന്നത് രാജ്യത്തെ നിയമങ്ങൾക്കും വിദ്യാഭ്യാസ ചട്ടങ്ങൾക്കും അനുസരിച്ചാണ്. വിദ്യാലയങ്ങളെ സങ്കുചിത രാഷ്ട്രീയ വർഗീയ താല്പര്യങ്ങൾക്കായി ഉപയോഗിച്ചാൽ കടുപ്പമേറിയ നടപടികൾ നേരിടേണ്ടി വരും.
വിദ്യാലയങ്ങളിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവങ്ങളിൽ അടിയന്തര പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. രക്ഷാകർത്താക്കളിൽ നിന്ന് നേരിട്ടും അല്ലാതെയും പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി. "കുട്ടികളെ കുട്ടികളായി കാണുക, അവരെ വർഗീയതയുടെ കള്ളികളിൽ ഒതുക്കാതിരിക്കുക" എന്നും മന്ത്രി കൂട്ടിച്ചേർത്തു.