Times Kerala

 മാറുന്ന കാലത്തിനനുസരിച്ച് ഐ ടി ഐ കൾക്കും മാറ്റമുണ്ടാകും: മന്ത്രി

 
 മാറുന്ന കാലത്തിനനുസരിച്ച് ഐ ടി ഐ കൾക്കും മാറ്റമുണ്ടാകും: മന്ത്രി
 

കോഴിക്കോട്: മാറുന്ന കാലത്തിനനുസരിച്ച് ഐ ടി ഐ കൾക്കും വലിയ മാറ്റമുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ബേപ്പൂർ സർക്കാർ ഐ ടി ഐ ക്ക് വേണ്ടി നടുവട്ടത്ത് പൊതുമരാമത്ത് വകുപ്പ് മൂന്നു കോടി രൂപ ചെലവിൽ പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കാലഘട്ടത്തിനനുസരിച്ചുള്ള ആധുനിക ട്രെയ്ഡുകൾ ഐ.ടി.ഐ കളിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.ഐ.ടി.ഐ. കളിലെ അടിസ്ഥാനസൗകര്യ വികസനം സർക്കാരിന്റെ ലക്ഷ്യമാണ്. രണ്ട് ഐ.ടി.ഐ.കളെ സംസ്ഥാന പദ്ധതി വിഹിതം ഉപയോഗിച്ചും 10 ഐ.റ്റി.ഐ. കളെ കിഫ്ബി ഫണ്ട് ഉപയോഗിച്ചും അന്താരാഷ്ട്ര പദവിയിലേക്ക് ഉയർത്തുന്ന പദ്ധതി നടന്നു വരുന്നു. ഐ.ടി.ഐ. കളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും കൂടുതൽ നൈപുണ്യ പരിശീലന പദ്ധതികൾക്കുമായി 300 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷം ബഡ്ജറ്റിൽ പ്രഖ്യാപിച്ച 5 ഐ.റ്റി.ഐകൾ താമസിയാതെ യാഥാർത്ഥ്യമാകും. ഈ സാമ്പത്തിക വർഷം തീരദേശ, മലയോര മേഖലകളിൽ രണ്ട് ഐ.റ്റി.ഐ. കൾ തുടങ്ങാൻ ബഡ്ജറ്റിൽ തുക മാറ്റി വെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ബേപ്പൂർ മണ്ഡലത്തിലെ നെല്ലൂർ ജി എൽ പി എസിന് 2 കോടി രൂപയും ജി എൽ പി എസ് ബേപ്പൂർ വെസ്റ്റിന് 1 കോടി 25 ലക്ഷം രൂപയും മാപ്പിള എൽ പി എസ് 1കോടി രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കൂടുതൽ തൊഴിൽ സാധ്യതകളുള്ള നൂതന കോഴ്‌സുകൾ ഐ ടി ഐ യിൽ ആരംഭിക്കേണ്ടതുണ്ടെന്നും മികച്ച ഒരു ഐ ടി ഐ ആയി ബേപ്പൂർ ഐ ടി ഐ യെ മാറ്റേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഐ ടി ഐ റോഡിനും നവീകരണത്തിനുമായി 10 ലക്ഷം രൂപയുടെ ഭരണാനുമതിയായതായും മന്ത്രി പറഞ്ഞു.

പി ഡബ്ല്യൂ ഡി സൂപ്രണ്ടിംഗ് എൻജിനീയർ കെ മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കൃഷ്ണകുമാരി, ഡിവിഷൻ കൗൺസിലർമാരായ എം ഗിരിജ ടീച്ചർ, രജനി തോട്ടുങ്ങൽ, സുരേശൻ കൊല്ലരത്ത്, കെ രാജീവ്, ടി കെ ഷമീന, വാടിയിൽ നവാസ്, കണ്ണൂർ ജോയിന്റ് ഡയറക്ടർ ഓഫ് ട്രെയിനിങ് സി. രവികുമാർ, നോർത്തേൺ റീജിയൻ ഐ.ടി പി വാസുദേവൻ, ജില്ല നോഡൽ ഐടിഐ പ്രിൻസിപ്പാൾ എം എ ബാലകൃഷ്ണൻ, ബേപ്പൂർ ഗവ ഐടിഐ പിടിഎ പ്രസിഡന്റ് കെ ടി സുരേഷ്, ട്രെയിനിൽ കൗൺസിൽ ജനറൽ സെക്രട്ടറി കുമാരി അനാമിക തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അഡിഷണൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡി മനേക്ഷ് പ്രസാദ് സ്വാഗതവും ബേപ്പൂർ ഗവ ഐടിഐ പ്രിൻസിപ്പാൾ വി കെ ആനന്ദകുമാർ നന്ദിയും പറഞ്ഞു.

Related Topics

Share this story