'21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ, കേരളത്തിലെ ജയിലുകൾ തികയാതെ വരും': 'പോറ്റിയേ കേറ്റിയെ'പാരഡി ഗാനത്തിനെതിരായ കേസിൽ രാജ്‌മോഹൻ ഉണ്ണിത്താൻ | Parody song
തിരുവനന്തപുരം: 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനത്തിനെതിരെ പോലീസ് കേസെടുത്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ. ഒരു പാരഡി ഗാനത്തിന്റെ പേരിൽ കേസെടുക്കുന്നത് 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണെന്ന് അദ്ദേഹം പരിഹസിച്ചു. വിവാദ ഗാനം മാർക്സിസ്റ്റ് പാർട്ടിക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. (The biggest joke of the 21st century, Rajmohan Unnithan on case against parody song)
കേരളത്തിലെ മുഴുവൻ എംപിമാരും ഈ ഗാനം ആലപിച്ചിട്ടുണ്ട്. എല്ലാവരെയും അറസ്റ്റ് ചെയ്യാനാണ് ഭാവമെങ്കിൽ കേരളത്തിലെ ജയിലുകൾ തികയാതെ വരും. ഒരു പാട്ടിന്റെ പേരിൽ കേസെടുക്കുന്നത് സഹിഷ്ണുതയില്ലായ്മയുടെ തെളിവാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതവിദ്വേഷം വളർത്തുന്ന വിധത്തിൽ ഗാനം നിർമ്മിച്ചു എന്ന് കാട്ടിയുള്ള പരാതിയിലാണ് തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തത്. അതേസമയം, കേസിൽ പ്രതിചേർക്കപ്പെട്ടവർക്കെതിരെ ഉടൻ കടുത്ത നടപടികളിലേക്ക് പോലീസ് കടക്കില്ല എന്നാണ് വിവരം. പ്രതിപ്പട്ടികയിലുള്ളവരെ ചോദ്യം ചെയ്യുന്നതിനായി നോട്ടീസ് നൽകി വിളിച്ചുവരുത്തും. ഗാനം പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ സൈറ്റുകളിൽ നിന്നും ലിങ്കുകൾ നീക്കം ചെയ്യാൻ പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്.
