തിരുവനന്തപുരം: മുസ്ലീം ലീഗിനും ആര്യ രാജേന്ദ്രനുമെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ വർഗീയവാദിയായി ചിത്രീകരിച്ച് ലീഗ് വേട്ടയാടുകയാണെന്നും എന്നാൽ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Vellapally Natesan says he is being hunted down by portraying as a communalist)
മുസ്ലീം ലീഗ് ഒരു മലപ്പുറം പാർട്ടിയായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ ആനുകൂല്യങ്ങളും മലപ്പുറത്തേക്ക് ഊറ്റിയെടുക്കാനാണ് അവർ ശ്രമിക്കുന്നത്. തന്നെ മുസ്ലീം വിരോധിയാക്കി മാറ്റാനാണ് ലീഗ് ശ്രമിക്കുന്നത്. മുസ്ലീം സമുദായത്തെയല്ല, മറിച്ച് ലീഗിന്റെ രാഷ്ട്രീയത്തെയാണ് താൻ എതിർത്തത്. അർഹതപ്പെട്ടത് ചോദിച്ചു വാങ്ങുന്നത് ജാതി പറയലല്ല.
ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് ലീഗ് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയായിരുന്നു. പണവും മസിൽ പവറും ഉപയോഗിച്ച് അവർ അഹങ്കരിക്കുകയാണ്. ലീഗിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് താൻ നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എം.ഇ.എസ് അധ്യക്ഷൻ ഫസൽ ഗഫൂർ വലിയ കൊള്ളയാണ് നടത്തുന്നതെന്നും തന്നെ ആക്ഷേപിക്കുന്നത് അദ്ദേഹമാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ കാറിൽ കയറിയതിനെതിരെ ഉയർന്ന വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി. "മുഖ്യമന്ത്രിയുടെ കാറിൽ കയറാൻ തനിക്ക് തീണ്ടലുണ്ടോ?" എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മുഖ്യമന്ത്രിയുടേതിനേക്കാൾ വലിയ വാഹനങ്ങൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
ആര്യ രാജേന്ദ്രനെതിരെയും വെള്ളാപ്പള്ളി കടുത്ത ഭാഷയിൽ പ്രതികരിച്ചു. "വിളയാതെ ഞെളിയരുത്" എന്നാണ് അദ്ദേഹം പറഞ്ഞത്. അധികാരത്തിലിരുന്ന് അഹങ്കാരവും ധാർഷ്ട്യവും കാണിക്കരുത്. ഇത് പഴയ കാലമല്ലെന്നും ജനങ്ങളോട് നന്നായി പെരുമാറാൻ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ.ഡി.എ മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. ബി.ഡി.ജെ.എസ് മത്സരിച്ച സീറ്റുകളിൽ സവർണ വിഭാഗങ്ങൾ വോട്ട് ചെയ്തില്ല. എൻ.ഡി.എയിൽ പത്ത് വർഷമായി നിന്നിട്ട് നടന്നു കാല് തളർന്നതല്ലാതെ ബി.ഡി.ജെ.എസിന് ഒന്നും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി.ഡി.ജെ.എസ് മുന്നണി മാറ്റത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ട്. ഇടത് പക്ഷത്തേക്ക് പോകണമെന്ന് അഭിപ്രായമുള്ളവർ പാർട്ടിയിലുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ബി.ഡി.ജെ.എസ് സ്വതന്ത്രമായാണ് തീരുമാനമെടുക്കേണ്ടത്, എസ്.എൻ.ഡി.പി അതിൽ ഇടപെടില്ല.
തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ചെറിയ ക്ഷീണം സംഭവിച്ചുവെങ്കിലും അവർ മുങ്ങിപ്പോയിട്ടില്ലെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. യാഥാർഥ്യബോധത്തോടെ കാര്യങ്ങളെ കാണണമെന്നും കേരളത്തിൽ മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. പാരഡി ഗാന വിവാദത്തിൽ 'പാട്ടിന്റെ പുറകെ പോയിട്ട് കാര്യമില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.