Times Kerala

 മലപ്പുറം ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ 20 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 21ന്

 
election
 

മലപ്പുറം ജില്ലാ പഞ്ചായത്തിലെ ആതവനാട് ഉൾപ്പെടെ 20 തദ്ദേശ വാർഡുകളിൽ ജൂലൈ 21 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ശനിയാഴ്ച (ജൂൺ 25) പുറപ്പെടുവിക്കും. നാമനിർദേശ പത്രിക ജൂലൈ 2 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന വിവിധ കേന്ദ്രങ്ങളിൽ വച്ച് ജൂലൈ 4 ന് നടത്തും. ജൂലൈ 6 വരെ പത്രിക പിൻവലിക്കാം. വോട്ടെണ്ണൽ ജൂലൈ 22 ന് രാവിലെ 10 മണിക്ക് ആരംഭിക്കും.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ബ്ലോക്ക് ജില്ലാ പഞ്ചായത്ത് വാർഡുകളിൽ ഉൾപ്പെട്ടു വരുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്ത് മുഴുവൻ പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. മുനിസിപ്പാലിറ്റികളിൽ ആ വാർഡിൽ മാത്രമായും ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ പ്രദേശത്തും ബാധകമാണ്.

അർഹതയുള്ള സ്ഥാനാർത്ഥികൾക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് പത്രികയോടൊപ്പം നിശ്ചിത ഫാറത്തിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൂടി നൽകണം.

തിരഞ്ഞെടുപ്പിനു വേണ്ടി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പത്ത് ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റി, പതിമൂന്ന് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ സ്ഥാപന വാർഡുകൾ;
കൊല്ലം - ചവറ ഗ്രാമപഞ്ചായത്തിലെ കൊറ്റംകുളങ്ങര, ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്തിലെ ആലുംമൂട്
ആലപ്പുഴ - പാലമേൽ ഗ്രാമപഞ്ചായത്തിലെ എരുമക്കുഴി
കോട്ടയം - കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ
ഇടുക്കി - വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ അച്ചൻകാനം, രാജകുമാരി ഗ്രാമ പഞ്ചായത്തിലെ കുംഭപ്പാറ
എറണാകുളം - ആലുവ മുനിസിപ്പൽ കൗൺസിലിലെ പുളിഞ്ചോട്
തൃശ്ശൂർ - കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ മൂത്തേടത്ത്പടി
പാലക്കാട് - തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ കുമ്പിടി
മലപ്പുറം - മലപ്പുറം ജില്ലാ പഞ്ചായത്തിലെ ആതവനാട്, മലപ്പുറം മുനിസിപ്പൽ കൗൺസിലിലെ മൂന്നാംപടി, മഞ്ചേരി മുനിസിപ്പൽ കൗൺസിലിലെ കിഴക്കേതല, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ്, കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ എടച്ചലം
കോഴിക്കോട് - തിക്കോടി ഗ്രാമപഞ്ചായത്തിലെ പള്ളിക്കര സൗത്ത്
കാസർഗോഡ് - കാഞ്ഞങ്ങാട് മുനിസിപ്പൽ കൗൺസിലിലെ തോയമ്മൽ, ബദിയഡുക്ക ഗ്രാമപഞ്ചായത്തിലെ പട്ടാജെ, പള്ളിക്കര ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുഴ, കുമ്പള ഗ്രാമപഞ്ചായത്തിലെ പെർവാഡ്, കള്ളാർ ഗ്രാമപഞ്ചായത്തിലെ ആടകം.

Related Topics

Share this story