

കൊല്ലം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം സീറ്റിൽ നിന്ന് സിറ്റിംഗ് എംഎൽഎ എം. മുകേഷിനെ മാറ്റിയേക്കും. തുടർച്ചയായി രണ്ട് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച മുകേഷിന് പകരം ജനകീയ മുഖമുള്ള മറ്റൊരാളെ കളത്തിലിറക്കാനാണ് പാർട്ടി നീക്കം. (CPM says no to Mukesh in Kollam this time? New faces may replace MLA)
2016ൽ 17,611 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിലാണ് മുകേഷ് ആദ്യമായി നിയമസഭയിലെത്തിയത്. 2021ൽ രണ്ടാം തവണ മത്സരിച്ചപ്പോൾ ഭൂരിപക്ഷം 2,072 ആയി കുത്തനെ ഇടിഞ്ഞു. 2024ൽ കൊല്ലം ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ച മുകേഷ്, യുഡിഎഫിലെ എൻ.കെ. പ്രേമചന്ദ്രനോട് ഒന്നര ലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.
മുകേഷ് മാറിയാൽ കൊല്ലം തിരിച്ചുപിടിക്കാൻ സിപിഎം പരിഗണിക്കുന്ന പ്രധാന പേരുകൾ ഇവയാണ്. സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ ജയമോഹന് തൊഴിലാളി നേതാവെന്ന നിലയിലുള്ള വലിയ സ്വാധീനം മുൻതൂക്കം നൽകുന്നു. യുവജന കമ്മീഷൻ മുൻ അധ്യക്ഷയും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ ചിന്താ ജെറോമിനെയും സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ട്.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുള്ള ഭരണപരിചയവും പി.കെ. ഗോപന് അനുകൂല ഘടകമാണ്. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പേരും ചില കേന്ദ്രങ്ങൾ കൊല്ലത്തേക്ക് നിർദ്ദേശിക്കുന്നുണ്ട്. അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം കോർപ്പറേഷൻ ഉൾപ്പെടെയുള്ള ഇടങ്ങളിൽ സിപിഎമ്മിന് വലിയ തിരിച്ചടി നേരിട്ടിരുന്നു.