ആലപ്പുഴ: ചാരുംമൂട്ടിൽ സ്കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച യാചകന്റെ സഞ്ചികളിൽ നിന്ന് പോലീസിന് ലഭിച്ചത് 4.52 ലക്ഷം രൂപ. പ്ലാസ്റ്റിക് ടിന്നുകളിലും പേഴ്സുകളിലുമായി സൂക്ഷിച്ച നിലയിലായിരുന്നു പണം. ചാരുംമൂട്ടും പരിസരങ്ങളിലും ഭിക്ഷാടനം നടത്തിവന്ന ഇയാളെ ജനുവരി 5 തിങ്കളാഴ്ച വൈകിട്ടാണ് സ്കൂട്ടർ ഇടിച്ചത്.(Beggar who died after being hit by a vehicle had around 4.5 lakh rupees and Saudi riyals in his bag)
തലയ്ക്ക് പരിക്കുള്ളതിനാൽ വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ചെങ്കിലും രാത്രിയോടെ ഇയാൾ ആശുപത്രിയിൽ നിന്ന് ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഇറങ്ങിപ്പോവുകയായിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ ടൗണിലെ ഒരു കടത്തിണ്ണയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നൂറനാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളുടെ പക്കലുണ്ടായിരുന്ന സഞ്ചികൾ സ്റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ ഞെട്ടിയത്. അഞ്ച് പ്ലാസ്റ്റിക് ടിന്നുകളിലായി ടേപ്പ് ഒട്ടിച്ച് ഭദ്രമാക്കിയ നിലയിൽ 4,52,207 രൂപ കണ്ടെടുത്തു.
രണ്ടായിരത്തിന്റെ 12 നോട്ടുകളും വിദേശ കറൻസിയായ സൗദി റിയാലും ഇതിൽ ഉൾപ്പെടുന്നു. നോട്ടുകൾക്ക് പുറമെ ചില്ലറ തുട്ടുകൾ അടങ്ങിയ നിരവധി പേഴ്സുകളും സഞ്ചിക്കുള്ളിലുണ്ടായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ അനിൽ കിഷോർ എന്നാണ് ഇയാൾ നൽകിയ വിലാസം.