തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുമായുള്ള ഓഫീസ് തർക്കത്തിന് പിന്നാലെ ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയുന്നതിൽ പ്രതികരണവുമായി വി.കെ. പ്രശാന്ത്. ജയിച്ചുകഴിഞ്ഞാൽ ജനപ്രതിനിധി എല്ലാ ജനങ്ങളുടെയും ആളാണെന്ന ബോധം ഇല്ലാതെ പോകുന്നത് കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവാദങ്ങൾ അവസാനിപ്പിച്ച് വികസനത്തിന് മുൻഗണന നൽകാനാണ് മരുതംകുഴിയിലേക്ക് ഓഫീസ് മാറ്റുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.(Shifting office to avoid more controversy, says VK Prasanth MLA)
കഴിഞ്ഞ ഏഴ് വർഷമായി സമാധാനപരമായാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഉയർന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അത് തുടരേണ്ടതില്ലെന്നാണ് പാർട്ടി പ്രവർത്തകരും അഭ്യുദയകാംക്ഷികളും നൽകിയ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് മരുതംകുഴി ജംഗ്ഷനിലെ കൂടുതൽ സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് ഓഫീസ് മാറുന്നത്.
ജനങ്ങൾ വരുന്നത് രാഷ്ട്രീയ ചർച്ചകൾക്കല്ല, മറിച്ച് അവരുടെ ആവശ്യങ്ങൾ നിറവേറ്റാനാണ്. എനിക്ക് വോട്ട് ചെയ്യാത്തവരും സഹായത്തിനായി എത്താറുണ്ട്. അവരുടെ കാര്യവും ചെയ്തു കൊടുക്കണം. പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യാൻ പാർട്ടി ഓഫീസുകൾ ഉണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു. വിവാദങ്ങളെ മുൻനിർത്തി വ്യക്തിപരമായ അപവാദം പ്രചരിപ്പിക്കാൻ ചിലർ ബോധപൂർവം ശ്രമിച്ചു. തന്റെ ഫേസ്‌ബുക്ക് പേജിൽ പോലും ആരെയും അപഹസിക്കാൻ ശ്രമിക്കാറില്ലെന്നും വികസനമാണ് മുന്നിലുള്ളതെന്നും എംഎൽഎ പറഞ്ഞു.
മുമ്പ് വട്ടിയൂർക്കാവിൽ എൽഡിഎഫ്, ബിജെപി പ്രതിനിധികൾ ഉണ്ടായിരുന്നപ്പോഴും ഇത്തരമൊരു സംഘർഷാവസ്ഥ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ മുന്നിലുണ്ടെന്നും ഇനി വിവാദങ്ങൾക്കില്ലെന്നും ജനങ്ങളുടെ കാര്യങ്ങൾ സുഗമമായി ചെയ്യാൻ വേണ്ടിയാണ് പുതിയ സ്ഥലത്തേക്ക് മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.