Times Kerala

 രാത്രി 9 മണിയോടെ വെള്ളമെത്തും; ചാലക്കുടി പുഴയിൽ അതീവ ജാഗ്രതാ നിർദേശം

 
 രാത്രി 9 മണിയോടെ വെള്ളമെത്തും; ചാലക്കുടി പുഴയിൽ അതീവ ജാഗ്രതാ നിർദേശം
 

തൃശൂർ: കനത്തമഴയിൽ തമിഴ്‌നാട് ഷോളയാറിൽ നിന്നുള്ള ജലത്തിന്റെ ഒഴുക്ക് കൂടിയതിനാൽ കേരള ഷോളയാറിന്റെ രണ്ട് ഷട്ടറുകൾ തുറന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. നിലവിലെ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

പെരിങ്ങൽകുത്ത് ഡാമിന് പുറമേ കേരള ഷോളയാർ കൂടി തുറന്നതോടെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ഷോളയാർ ഡാമിൽ നിന്നും നാലുമണിക്കൂറോളം എടുത്ത് ചാലക്കുടി പുഴയിൽ വെള്ളം എത്തും. ഷോളിയാറിൽ നിന്നും പെരിങ്ങൽകുത്ത് വഴി വാഴച്ചാൽ വഴിയാണ് വെള്ളം ചാലക്കുടിപ്പുഴയിലെത്തുന്നത്. പ്രാഥമിക നിഗമനങ്ങൾ പ്രകാരം ഏകദേശം രാത്രി ഒമ്പത് മണിയോടുകൂടി പുഴയിൽ വെള്ളം എത്തുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളത്. 

പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ തീരപ്രദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുന്നത് തുടങ്ങി.ചാലക്കുടി പുഴയുടെ തീരത്തുളള പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മാറി താമസിക്കാൻ തയ്യാറാകണം. തൃശ്ശൂർ, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലർത്തണമെന്നും, 2018 ലെ പ്രളയകാലത്ത് ആളുകൾ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവർ മുഴുവൻ ക്യാംപുകളിലേക്ക് മാറണമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Related Topics

Share this story