ശബരിമല: മണ്ഡലകാല പൂജകൾക്ക് ശേഷം മകരവിളക്ക് ഉത്സവത്തിനായി ശബരിമല അയ്യപ്പ ക്ഷേത്രനട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. അയ്യപ്പ ഭക്തരെ സ്വീകരിക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് സന്നിധാനത്തും പമ്പയിലും ഒരുക്കിയിരിക്കുന്നത്. രാവിലെ 11.30 മുതൽ പമ്പയിൽ നിന്നും ഭക്തരെ മലകയറാൻ അനുവദിച്ചു തുടങ്ങി.(Makaravilakku Festival, Sabarimala temple to be opened today)
സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്പോട്ട് ബുക്കിങ് രീതിയിൽ മാറ്റം വരുത്തിയതായി എ.ഡി.ജി.പി എസ്. ശ്രീജിത്ത് അറിയിച്ചു. നിലവിൽ 2000 സ്ലോട്ടുകൾ തുറന്നിട്ടുണ്ട്. തിരക്ക് കുറയുന്നതനുസരിച്ച് ബാക്കി സ്ലോട്ടുകൾ റിലീസ് ചെയ്യും. രാത്രി 8 മണി മുതൽ 12 മണി വരെയും ഉച്ചസമയത്തും സ്പോട്ട് ബുക്കിങ് സ്ലോട്ടുകൾ നൽകില്ല. ഭക്തർ സന്നിധാനത്തെത്തുമ്പോൾ നട അടഞ്ഞു കിടക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ ക്രമീകരണം.
മരക്കൂട്ടത്തുനിന്നും എത്തുന്ന ഭക്തരെ വലിയ നടപ്പന്തലിൽ സെഗ്‌മെന്റുകളായി തിരിക്കും. വൈകിട്ട് 5-ന് നട തുറന്നാൽ സീനിയോറിറ്റി അനുസരിച്ച് പതിനെട്ടാം പടിയിലേക്ക് പ്രവേശിപ്പിക്കും. മകരവിളക്ക് ദർശനത്തിനായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. നിലവിൽ സന്നിധാനത്ത് 2300 പോലീസുകാരുണ്ട്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി ആകെ 4000 ഉദ്യോഗസ്ഥരെയാണ് ഇപ്പോൾ വിന്യസിച്ചിരിക്കുന്നത്. മകരവിളക്ക് സമയത്ത് ഇത് 5000 ആയി ഉയർത്തും.
വ്യൂ പോയിന്റുകളിലെ ഒരുക്കങ്ങൾ വനംവകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ആങ്ങമൂഴി വ്യൂ പോയിന്റിൽ പഞ്ചായത്തും ദേവസ്വം ബോർഡും വനംവകുപ്പും ചേർന്നാണ് സൗകര്യങ്ങൾ ഒരുക്കുന്നത്. എ.ഡി.ജി.പി, സ്പെഷ്യൽ കമ്മിഷണർ, ദേവസ്വം ബോർഡ് പ്രസിഡന്റ് എന്നിവർ പങ്കെടുക്കുന്ന യോഗത്തിന് ശേഷം മകരവിളക്ക് ദർശനത്തിനായുള്ള അന്തിമ സുരക്ഷാ പ്ലാൻ തയ്യാറാക്കും. സ്പോട്ട് ബുക്കിങ് എടുക്കുന്നവർ തങ്ങൾക്ക് ലഭിക്കുന്ന സമയം കൃത്യമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.