തിരുവനന്തപുരം: മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റ വിവാദത്തിൽ കോൺഗ്രസ് വിമതർ നിലപാട് മാറ്റുന്നതായ് സൂചന. തങ്ങൾ കോൺഗ്രസിനൊപ്പമാണെന്നും ആരും ബിജെപിയിൽ ചേർന്നിട്ടില്ലെന്നും വിമത അംഗങ്ങൾ പറയുന്നു. എംഎൽഎയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വിമതർ അനുനയത്തിന്റെ പാത സ്വീകരിച്ചത്.(Mattathur controversy, Congress rebels ready for compromise?)
പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയെ വിജയിപ്പിച്ചതിനെത്തുടർന്ന് വലിയ രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടായിരുന്നു. രാജിവെച്ച എട്ട് അംഗങ്ങളിൽ ഒരാൾ പോലും ബിജെപിയിൽ ചേർന്നിട്ടില്ലെന്നാണ് വിവരം.
കെ.പി.സി.സി നിയോഗിച്ച റോജി എം. ജോൺ എം.എൽ.എയുമായി നടത്തിയ ചർച്ചയിൽ, തങ്ങൾ കോൺഗ്രസിനൊപ്പം തന്നെയാണെന്നും ബിജെപിയിൽ ചേർന്നിട്ടില്ലെന്നും വിമത അംഗങ്ങൾ വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിൽ നിന്ന് രാജിവെച്ച എട്ട് അംഗങ്ങളും റോജി എം. ജോണിനെ കണ്ട് നിലപാട് വ്യക്തമാക്കി. പുറത്താക്കപ്പെട്ട ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്.
ജയിച്ച എട്ട് കോൺഗ്രസ് അംഗങ്ങളിൽ ഒരാൾ പോലും ബിജെപിയിൽ ചേർന്നിട്ടില്ലെന്നും ബിജെപിയുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും അവർ അറിയിച്ചു. സി.പി.എമ്മിനെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ പ്രാദേശികമായി നടത്തിയ രാഷ്ട്രീയ നീക്കം ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്ന് ടി.എം. ചന്ദ്രൻ വിശദീകരിച്ചു. അംഗങ്ങളാരും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തിട്ടില്ലെന്നും സ്വതന്ത്ര സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ ബിജെപി അംഗങ്ങൾ വോട്ട് ചെയ്യുകയായിരുന്നു എന്നുമാണ് ഇവരുടെ വാദം.
വരാനിരിക്കുന്ന സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പാർട്ടി നിർദ്ദേശിച്ചാൽ അത് അനുസരിക്കാൻ തയ്യാറാണെന്നും അംഗങ്ങൾ വ്യക്തമാക്കി.ചർച്ചയിലെ വിവരങ്ങൾ പാർട്ടി നേതൃത്വവുമായി സംസാരിച്ച ശേഷം തുടർതീരുമാനമുണ്ടാകുമെന്ന് റോജി എം. ജോൺ അറിയിച്ചു.