പുതുവർഷത്തിൽ ആരോഗ്യ പ്രതിജ്ഞയുമായി കേരളം: 'വൈബ് 4 വെല്‍നസ്സ്' ക്യാമ്പയിൻ ജനുവരി ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും | New Year
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്' ജനകീയ ക്യാമ്പയിന് 2026 ജനുവരി ഒന്നിന് തുടക്കമാകും. രാവിലെ 11.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പയിന്റെ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.(Kerala takes a health pledge in the New Year, CM to inaugurate 'Vibe 4 Wellness' campaign on January 1)
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി പുതുവർഷ ദിനത്തിൽ പത്തു ലക്ഷത്തോളം പേർ പുതുതായി വ്യായാമത്തിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് പ്രധാന തൂണുകളിലൂന്നിയാണ് വൈബ് 4 വെല്‍നസ്സ് ക്യാമ്പയിൻ പ്രവർത്തിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയാണത്.
യുവജനങ്ങളിലും കുട്ടികളിലും ആരോഗ്യകരമായ ശീലങ്ങൾ വളർത്തുന്നതിനൊപ്പം, തദ്ദേശ സ്ഥാപനങ്ങളുടെയും സ്വകാര്യ മേഖലയുടെയും സഹകരണത്തോടെ ഇതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ക്യാമ്പയിന്റെ മുന്നോടിയായി ഡിസംബർ 26-ന് കാസർഗോഡ് നിന്ന് ആരംഭിച്ച വിളംബര ജാഥ ജനുവരി ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും. ഉദ്ഘാടന ചടങ്ങിനോടൊപ്പം ജാഥയുടെ സമാപനവും നടക്കും. മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനപ്രതിനിധികൾ, സെലിബ്രിറ്റികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുക്കും.
