കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. വിയോഗസമയത്ത് മോഹൻലാലും ഭാര്യ സുചിത്രയും കൊച്ചിയിലെ വീട്ടിലുണ്ടായിരുന്നു.(Actor Mohanlal's mother's funeral to be held tomorrow in Thiruvananthapuram)
ഭൗതികദേഹം വൈകുന്നേരം വരെ കൊച്ചിയിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് റോഡ് മാർഗ്ഗം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. തിരുവനന്തപുരം മുടവൻമുകളിലെ കുടുംബവീട്ടിൽ നാളെ രാവിലെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
അമ്മയുടെ വിയോഗവാർത്തയറിഞ്ഞ് നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ള ചലച്ചിത്ര രംഗത്തെ പ്രമുഖർ കൊച്ചിയിലെ വീട്ടിലെത്തി മോഹൻലാലിനെ ആശ്വസിപ്പിച്ചു. രാഷ്ട്രീയ-സാംസ്കാരിക മേഖലയിലുള്ള നിരവധി പേർ അനുശോചനം രേഖപ്പെടുത്തി വരികയാണ്.
കഴിഞ്ഞ 14 വർഷമായി രോഗാവസ്ഥയിലായിരുന്നു. മൂന്ന് മാസം മുമ്പ് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ലാലു എന്ന് സ്നേഹത്തോടെ മോഹൻലാലിനെ വിളിച്ചിരുന്ന ശാന്തകുമാരി, മകന്റെ സിനിമാ ജീവിതത്തിലെ വലിയ കരുത്തായിരുന്നു. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേലാൽ ആണ് മറ്റൊരു മകൻ.