കൊച്ചി: സ്കൂൾ വിദ്യാഭ്യാസത്തിൽ സാമ്പത്തിക സാക്ഷരതയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനായി ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) ‘പ്രോജക്‌ട് വാണിജ്യ’ പദ്ധതി അവതരിപ്പിച്ചു. ആറാം ക്ലാസ് മുതൽ വിദ്യാർത്ഥികളിൽ ധനകാര്യ സാക്ഷരത, സംരംഭക മനോഭാവം എന്നിവ വളർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഐസിഎഐയുടെ ഭാഗമായ കമ്മിറ്റി ഓൺ കരിയർ കൗൺസലിംഗാണ് (സിസിസി) പദ്ധതി നടപ്പാക്കുക. 2047-ഓടെ ഇന്ത്യ വികസിത രാഷ്ട്രമാകാനുള്ള യാത്രയിൽ നിർണായക പങ്ക് വഹിക്കുന്ന ദേശീയ സംരംഭമായാണ് ‘പ്രോജക്‌ട് വാണിജ്യ’ രൂപകൽപ്പന ചെയ്തിരിക്കുന്നത്. (ICAI)
രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ബോർഡുകളുടെ മുതിർന്ന നേതാക്കളും പ്രതിനിധികളും പങ്കെടുത്ത ഡൽഹിയിലെ ദേശീയതല പരിപാടിയിലാണ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഐസിഎഐ പ്രസിഡന്റ് ചരഞ്ജോത് സിങ് നന്ദ, വൈസ് പ്രസിഡന്റ് പ്രസന്ന കുമാർ ഡി, സിസിസി ചെയർമാൻ ദുർഗേഷ് കുമാർ കാബ്ര, വൈസ് ചെയർമാൻ പങ്കജ് ഷാ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വാണിജ്യം, വ്യാപാരം, ബാങ്കിങ്, പണം കൈകാര്യം ചെയ്യൽ, നികുതി സംവിധാനം, ധാർമ്മിക ബിസിനസ് രീതികൾ എന്നിവയെക്കുറിച്ചുള്ള നേരത്തെയുള്ള അറിവ് വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും ദിശാബോധവും വളർത്തുന്നതിന് സഹായകരമാകുമെന്ന് ചരഞ്ജോത് സിങ് നന്ദ പറഞ്ഞു.