തിരുവനന്തപുരം: ബെംഗളൂരു കൊഗിലു ലേഔട്ടിൽ അനധികൃത കൈയേറ്റമെന്നാരോപിച്ച് വീടുകൾ തകർത്ത സംഭവത്തിൽ മുസ്ലിം ലീഗിന്റെ നിലപാടിനെതിരെ എ.എ. റഹീം എം.പി. സ്വന്തം നയങ്ങൾ കൊണ്ട് കോൺഗ്രസ് ചെന്നുപെടുന്ന കുഴികളിൽ നിന്ന് അവരെ കൈപിടിച്ചുയർത്താൻ കരാറെടുത്ത കമ്പനിയായി മുസ്ലിം ലീഗ് മാറിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(Muslim League has become a contract company for Congress, says AA Rahim MP)
കർണാടകയിലെ ഫക്കീർ കോളനിയിൽ നിന്നും വസീം ലേ ഔട്ടിൽ നിന്നും ക്രൂരമായി കുടിയിറക്കപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്ലിങ്ങളും ദളിതരുമാണ്. എന്നാൽ മുസ്ലിം അവകാശ സംരക്ഷണത്തിന് എന്ന് അവകാശപ്പെടുന്ന ലീഗ്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ട് കോൺഗ്രസിനെ പ്രതിരോധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിയുടെ ബുൾഡോസർ രാജിനെ എതിർക്കുന്ന ലീഗ്, കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ നടപടിയെ ന്യായീകരിക്കുന്നത് ഇരട്ടത്താപ്പാണ്. പി.കെ. കുഞ്ഞാലിക്കുട്ടിയും സംഘവും നടത്തുന്നത് കോൺഗ്രസിനായുള്ള 'ഡാമേജ് മാനേജ്‌മെന്റ്' മാത്രമാണ്. ഒഴിപ്പിക്കപ്പെട്ടവരിൽ എല്ലാ സമുദായക്കാരുമുണ്ടെന്ന ലീഗിന്റെ വാദം പച്ചക്കള്ളമാണ്. സത്യം കണ്മുന്നിൽ കാണുമ്പോഴും കോൺഗ്രസിനെ സംരക്ഷിക്കാൻ ദുർബലമായ വാദങ്ങളാണ് ലീഗ് ഉയർത്തുന്നത്.
ബാബരി മസ്ജിദ് തകർത്തപ്പോഴും കോൺഗ്രസിനോട് ലീഗ് ഇതേ മൃദുസമീപനമാണ് കാട്ടിയത്. കോൺഗ്രസ് കാട്ടിയ ആ ചതിയിൽ നിന്നാണ് സംഘപരിവാർ ഇന്ന് ഇന്ത്യ ഭരിക്കുന്ന പാർട്ടിയായി വളർന്നതെന്നും റഹീം ചൂണ്ടിക്കാട്ടി. കർണാടകയിൽ ബിജെപി ചെയ്യാൻ ആഗ്രഹിച്ചത് ഇപ്പോൾ കോൺഗ്രസ് ചെയ്തു. അതിനെ പിന്തുണയ്ക്കാൻ അവിടുത്തെ ബിജെപി നേതാക്കളും ലീഗും ഒരുപോലെ രംഗത്തിറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
'കോൺഗ്രസ് ബുൾഡോസറുകൾക്ക് ഹാ എന്തു ഭംഗി' എന്ന പരിഹാസത്തോടെയാണ് റഹീം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മനുഷ്യത്വവിരുദ്ധമായ നടപടിയെ ലീഗ് വെള്ളപൂശുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.