രാമമംഗലം ഗ്രാമപഞ്ചായത്തില്‍ കുപ്പിച്ചില്ല് ശേഖരിച്ചു

 രാമമംഗലം ഗ്രാമപഞ്ചായത്തില്‍  കുപ്പിച്ചില്ല് ശേഖരിച്ചു 
 

എറണാകുളം: മാലിന്യ ശേഖരണ യജ്ഞത്തിന്റെ ഭാഗമായി രാമമംഗലം ഗ്രാമ പഞ്ചായത്തില്‍ കുപ്പിച്ചില്ല് ശേഖരിച്ചു. ഹരിത കേരളം മിഷനുമായി സഹകരിച്ച് പഞ്ചായത്ത് നടത്തിയ യജ്ഞത്തില്‍ ഒറ്റ ദിവസം കൊണ്ട് അഞ്ച് ടണ്ണോളം ചില്ല് മാലിന്യങ്ങളാണു ശേഖരിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നതായി അദ്ദേഹം പറഞ്ഞു.

 വിവിധ വാര്‍ഡുകളില്‍ സജ്ജീകരിച്ച 24 കേന്ദ്രങ്ങളിലൂടെയാണ് കുപ്പിച്ചില്ല് മാലിന്യങ്ങളും കുപ്പികളും ശേഖരിച്ചത്. ഇതു സംബന്ധിച്ച്  നേരത്തെ തന്നെ ജനങ്ങള്‍ക്കു വിവരം നല്‍കിയിരുന്നു. സാധാരണയായി ഹരിത കര്‍മസേന വീടുകളിലെത്തിയാണ് ഇത്തരം അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. എന്നാല്‍ പഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഹരിത കര്‍മസേനയും പ്രാദേശിക സന്നദ്ധ സംഘടനകളും ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ യജ്ഞം ഏറെ ജനകീയമായി. പൊതുസ്ഥലങ്ങളില്‍ വലിച്ചെറിഞ്ഞിരുന്ന ചില്ല് കുപ്പികള്‍ അടക്കമുള്ളവയും ശേഖരിച്ചു. വിവിധ കേന്ദ്രങ്ങളിലായി ലഭിച്ച ചില്ല് മാലിന്യങ്ങള്‍ പുനരുപയോഗിക്കുന്നതിനായി കയറ്റി അയച്ചു.

 വൈസ് പ്രസിഡന്റ് മേരി എല്‍ദോ, സ്ഥിരം സമിതി അധ്യക്ഷരായ ഷൈജ ജോര്‍ജ്, അഞ്ചന ജിജോ, ജിജോ ഏലിയാസ്, വാര്‍ഡ് അംഗങ്ങള്‍, ഹരിത മിഷന്‍ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share this story