

കൊച്ചി: ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിലൂടെ കൊച്ചിയിൽ വനിതാ ഡോക്ടറുടെ 6.38 കോടി രൂപ തട്ടിയെടുത്തതായി പരാതി. മുംബൈ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയ സംഘമാണ് തട്ടിപ്പ് നടത്തിയത്. ഡോക്ടർ കള്ളപ്പണ ഇടപാട് നടത്തിയെന്നും ഇതിനാൽ നിങ്ങളെ 'ഡിജിറ്റൽ അറസ്റ്റ്' ചെയ്തിരിക്കുകയാണെന്നുമാണ് തട്ടിപ്പുകാർ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. (Digital arrest scam, Rs 6.38 crores stolen from female doctor in Kochi)
കേസിൽ നിന്ന് ഒഴിവാകണമെങ്കിൽ ബാങ്ക് അക്കൗണ്ടിലുള്ള തുക പരിശോധനയ്ക്കായി കൈമാറണമെന്ന് ഇവർ ആവശ്യപ്പെട്ടു. ആർ.ബി.ഐയുടെ അക്കൗണ്ട് എന്ന വ്യാജേന നൽകിയ വിവിധ അക്കൗണ്ടുകളിലേക്കാണ് ഡോക്ടർ പണം കൈമാറിയത്. 6,38,21,864 രൂപയാണ് ഇവർ തട്ടിയത്.
ഒക്ടോബർ 3 മുതൽ ഡിസംബർ 10 വരെയുള്ള ദിവസങ്ങളിലായി രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണ് ഇത്രയും തുക കൈമാറിയത്. പണം തിരികെ ലഭിക്കാതായതോടെയാണ് താൻ ചതിക്കപ്പെട്ട വിവരം ഡോക്ടർ അറിയുന്നത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു