മുങ്ങിത്താഴ്ന്ന മകളെ 60-കാരിയായ മാതാവ് സാഹസികമായി രക്ഷപ്പെടുത്തി

വെള്ളത്തിൽ മുങ്ങവേ റസിയ മാതാവിനെ കെട്ടിപ്പിടിക്കുകയായിരുന്നു. എന്നാൽ, തന്നെ കെട്ടിപ്പിടിച്ചാൽ രണ്ടുപേരും താഴ്ന്നുപോകുമെന്ന് മകളെ ആദ്യം ബോധ്യപ്പെടുത്തിയ ബീപാത്തു ഒരു കൈ കൊണ്ട് മകളുടെ മുടിപിടിച്ച് മറുകൈ കൊണ്ട് കര ലക്ഷ്യമാക്കി തുഴയുകയായിരുന്നു. സാഹസികമായി രണ്ടാം ചാലിന്റെ കരക്കെത്തിയ ബീപാത്തു മാട്ടിലെ പുൽപിടിച്ച് കരയിലേക്ക് കയറി മകളെ നിലത്ത് കിടത്തി.

ശക്തമായ ഇരുട്ടായതിനാൽ മറ്റുള്ളവരെ രക്ഷപ്പെടുത്താൻ സാധിച്ചിരുന്നില്ല. പിന്നീട് റസിയയെയും പിടിച്ച് വെളിച്ചമുള്ള മറ്റൊരു മാട്ടിലെത്തി ഉറക്കെ വിളിച്ച് കരഞ്ഞ് ആളെക്കൂട്ടി വിവരം പറയുകയായിരുന്നു. ബീപാത്തുവിന്റെ ഭർത്താവ് അഞ്ച് വർഷത്തോളമായി രോഗിയാണ്. രണ്ടാമത്തെ മകളായ റസിയയുടെ ഭർത്താവും പക്ഷാഘാതം പിടിപെട്ട് കിടപ്പിലാണ്. കഷ്ടപ്പാട് കൊണ്ടാണ് തങ്ങൾ കക്ക വാരാൻ പോകുന്നതെന്ന് ബീപാത്തു കണ്ണീരോടെ പറഞ്ഞു.