കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കൊച്ചിൻ കാർണിവലിലേക്ക് ജനസാഗരം ഒഴുകിയെത്തുന്നത് കണക്കിലെടുത്ത് നഗരത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ആഘോഷങ്ങൾ സമാധാനപരമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിപുലമായ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.(Kochi to welcome the New Year, security enhanced)
കൊച്ചി കാർണിവൽ പരിസരങ്ങളിൽ മുൻകൂർ അനുമതിയില്ലാതെ ഡ്രോണുകൾ പറത്തുന്നത് നിരോധിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു. സുരക്ഷാ ഭീഷണിയുള്ള 'റെഡ് സോണുകളിൽ' ഡ്രോണുകൾ ഉപയോഗിച്ചാൽ കർശന നിയമനടപടികൾ സ്വീകരിക്കും.
കാർണിവലിന്റെ പ്രധാന വേദിയായ ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലും വെളി ഗ്രൗണ്ടിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. 13 ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരും 28 ഇൻസ്‌പെക്ടർമാരും ഉൾപ്പെടെ 1200-ഓളം പോലീസ് സേനാംഗങ്ങളെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
ബുധനാഴ്ച പകൽ 2 മണിക്ക് ശേഷം പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് പരിസരങ്ങളിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. ഈ ഭാഗങ്ങളിൽ പാർക്കിംഗും നിരോധിച്ചിട്ടുണ്ട്. വൈപ്പിനിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾക്ക് വൈകുന്നേരം 4 മണി വരെയും യാത്രക്കാർക്ക് രാത്രി 7 മണി വരെയും മാത്രമേ പ്രവേശനം അനുവദിക്കൂ. ഇതിനുശേഷം ഫോർട്ട് കൊച്ചിയിൽ നിന്ന് തിരികെ വരുന്നവർക്ക് മാത്രമാകും ജങ്കാർ സൗകര്യം.
ആഘോഷം കഴിഞ്ഞ് മടങ്ങുന്നവർക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. കൊച്ചിൻ കോളേജ് പരിസരത്തുനിന്ന് പുലർച്ചെ 3 മണി വരെ ബസുകൾ ലഭ്യമായിരിക്കും. കൂടാതെ, സന്ദർശകർക്കായി ബയോ ടോയ്‌ലറ്റുകളും മെഡിക്കൽ ടീമുകളുടെ സേവനവും നഗരസഭയുടെ സഹകരണത്തോടെ ഒരുക്കിയിട്ടുണ്ട്.