ഇന്ന് മലയാളികളുടെ അടുക്കളയിൽ കറിവേപ്പിലയ്ക്കൊപ്പം സ്ഥാനം പിടിച്ചിട്ടുള്ള ഒന്നാണ് മല്ലിയില. കറിക്കൂട്ടുകളിൽ രുചിക്ക് മാത്രമല്ല നിങ്ങളെ സുന്ദരിയാക്കാനും മല്ലിയിലയ്ക്ക് കഴിയുമെന്ന കാര്യം അറിയാമോ? (Health Benefits of Coriander)
ഫോളേറ്റ്, ആന്റി ഓക്സിഡന്റുകൾ, ജീവകം സി, കരോട്ടിൻ ഇവയാൽ സമ്പന്നമാണ് മല്ലിയില. ഇത് ചർമത്തെ മൃദുലവും തിളക്കമുള്ളതുമാക്കുന്നു. മല്ലിയിലയിലെ നിരോക്സീകാരികൾ സമ്മർദമകറ്റാൻ സഹായിക്കുന്നു. ഇത് ഫ്രീറാഡിക്കലുകളുടെ നാശം തടഞ്ഞ് പ്രായമാകലിന്റെ വേഗത കുറയ്ക്കുന്നു. ചർമത്തിന്റെ ഇലാസ്റ്റികത നിലനിർത്തുന്നു. ചർമം പ്രതിഫലിപ്പിക്കുന്നത് ആരോഗ്യത്തെക്കൂടിയാണല്ലോ.
ചർമം വരണ്ടതോ കൂടുതൽ എണ്ണമയമുള്ളതോ ഇതു രണ്ടുമോ ആയിക്കോട്ടെ, ദിവസവും രാവിലെ വെറും വയറ്റിൽ ഫ്രഷ് ആയ മല്ലിയില ചവയ്ക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. മുഖത്തെ പാടുകൾ, മുഖക്കൂരു, ബ്ലാക്ക് ഹെഡ്, ഇവയ്ക്കെല്ലാം ഉത്തമ മരുന്നാണ് മല്ലിയിലച്ചാറ്.
ആന്റി ഫംഗൽ, ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഉള്ളതിനാൽ എക്സിമയുടെ ചികിത്സയ്ക്കു പോലും ഉപയോഗിക്കാം. വിഷഹാരിയും അണുനാശിനിയും കൂടിയായ മല്ലിയില, ചുണ്ടുകൾക്കും നിറം നൽകുന്നു.
ചർമ്മ സൗന്ദര്യത്തിന് മല്ലിയില എങ്ങനെ ഉപയോഗിക്കാം
- മല്ലിയിലയും കറ്റാർ വാഴയും : മല്ലിയിലയും കറ്റാർവാഴയും ചേർത്ത് നന്നായി അരച്ച് പുരട്ടിയാൽ ചർമത്തിലെ ചുളിവുകൾ അകറ്റാം.
- മല്ലിയിലയും നാരങ്ങാനീരും : പൊടിച്ച മല്ലിയില നാരങ്ങാനീരില്‍ ചേർത്ത് ബ്ലാക്ക് ഹെഡ് ഉള്ളിടത്തു പുരട്ടുന്നത് നല്ലതാണ്. ചർമത്തിന് പുതുജീവനേകും.
- മല്ലിയില ഫേസ്പാക്കിനൊപ്പം : മല്ലിയില പൊടിച്ച് പാൽ, തേൻ, നാരങ്ങാ നീര് ഇവ ചേർത്ത് മുഖത്തു പുരട്ടുക. തിളങ്ങുന്ന ചർമം സ്വന്തമാക്കാം.
- അരിപ്പൊടിയും മല്ലിയിലയും : അരിപ്പൊടിയും മല്ലിയിലയും തൈരും ചേർത്ത് പുരട്ടുന്നത് മുഖപേശികൾക്ക് റിലാക്സ് നൽകി പുതുമയേകുന്നു. ഇത് മിക്സ് ചെയ്ത് ഫേസ്മാസ്ക് ആയും ഉപയോഗിക്കാം.
എന്നാലിനി അധിക ചിലവില്ലാതെ മല്ലിയില കൊണ്ടുള്ള പരീക്ഷണങ്ങൾ തുടങ്ങാം അല്ലേ. . . .

