സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ താമസിക്കുന്ന ജെന്നിറ്റാ – ജോർഥാം ദമ്പതികൾക്കാണ് ഒരേസമയം നാല് പെൺകുഞ്ഞുങ്ങൾ ജനിച്ചത്. 1.5 കോടി പ്രസവങ്ങളിൽ ഒന്നിൽ മാത്രം സംഭവിക്കുന്ന അപൂർവ്വമായ ഒന്നാണിതെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.
ഇരുവരുടേയും കുടുംബത്തിലേക്ക് ഒറ്റയടിക്ക് നാല് കുഞ്ഞുങ്ങൾ കൂടി എത്തിയതോടെ കുട്ടികളുടെ എണ്ണം എട്ടായി ഉയർന്നു. 10 വയസ്സിൽ താഴെയുള്ള നാല് കുട്ടികൾ ദമ്പതികൾക്ക് നിലവിലുണ്ടായിരുന്നു. കുടുംബത്തിലെ അംഗസംഖ്യ പെട്ടെന്ന് പത്തായി ഉയർന്നതോടെ വലിയൊരു വാഹനം വാങ്ങുകയെന്നത് ഇവർക്ക് അത്യാവശ്യമായി മാറി. എട്ട് കുട്ടികളുമായി ആശുപത്രി സന്ദർശനങ്ങൾ, സ്കൂൾ യാത്രകൾ, മറ്റ് കുടുംബ ആവശ്യങ്ങൾ എന്നിവ നടത്താൻ 10 അല്ലെങ്കിൽ 12 സീറ്റുള്ള വാൻ വാങ്ങാനാണ് ദമ്പതികൾ പ്രധാനമായും ധനസമാഹരണം നടത്തുന്നത്.
വലിയ വാഹനത്തിന് പുറമെ നാല് നവജാതശിശുക്കൾക്കുള്ള ഡയപ്പറുകൾ, ഭക്ഷണം, വസ്ത്രങ്ങൾ, ചികിത്സാ ചെലവുകൾ എന്നിവയും പെട്ടെന്ന് താങ്ങാൻ കഴിയാത്തതാണ് ഓൺലൈൻ സഹായം തേടാൻ ഇവരെ പ്രേരിപ്പിച്ചത്. ഗോഫണ്ട്‌മീ (GoFundMe) പ്ലാറ്റ്‌ഫോം വഴിയാണ് തുക സമാഹരിക്കുന്നത്. ദമ്പതികളെ സഹായിക്കാനായി ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻ തുക സഹായമായി ഒഴുകിയെത്തിയിട്ടുണ്ട്.
നാല് കുഞ്ഞുങ്ങളുടെ വരവ് വലിയ അനുഗ്രഹമാണെങ്കിലും, ഒരേസമയം നാല് കുഞ്ഞുങ്ങളെ പരിപാലിക്കുക എന്നത് പ്രതീക്ഷിച്ചതിലും വലിയ സാമ്പത്തിക വെല്ലുവിളിയാണെന്ന് ദമ്പതികൾ പ്രതികരിച്ചു. ബ്രിസ്‌ബേനിലെ റോയൽ ബ്രിസ്‌ബേൻ ആൻഡ് വിമൻസ് ആശുപത്രിയിലാണ് കുഞ്ഞുങ്ങൾ ജനിച്ചത്. പ്രസവത്തിന് നേതൃത്വം നൽകിയ ഡോക്ടറോടുള്ള ആദരസൂചകമായി ഒരു കുഞ്ഞിന് ഡോക്ടറുടെ പേരായ ‘അലക്സ’ എന്നാണ് നൽകിയിരിക്കുന്നത്. എമിലി, ഹരിയറ്റ്, കാതറിൻ എന്നിവരാണ് മറ്റ് കുഞ്ഞുങ്ങളുടെ പേരുകൾ.
Story Summary: An Australian couple who naturally conceived and gave birth to identical quadruplet girls, expanding their family to eight children, launched a fundraiser to buy a 10-seater van and manage daily expenses. The rare 1-in-15-million birth took place at Royal Brisbane and Women’s Hospital.


