ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പിനായുള്ള 26 അംഗ കരുത്തുറ്റ അർജന്റീന ടീമിനെ മുഖ്യ പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചു (Argentina World Cup squad). ലയണൽ മെസി നയിക്കുന്ന സംഘത്തിൽ റോഡ്രിഗോ ഡിപോൾ, ജൂലിയൻ അൽവാരസ്, നിക്കോളാസ് ഒട്ടാമെൻഡി തുടങ്ങി 2022 ഖത്തർ ലോകകപ്പിൽ കിരീടം ചൂടിയ ഭൂരിഭാഗം പ്രമുഖ താരങ്ങളെയും നിലനിർത്തിയാണ് സ്കലോണി പടയൊരുക്കം നടത്തിയിരിക്കുന്നത്.
നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന തുടർച്ചയായ രണ്ടാം ലോകകിരീടം ലക്ഷ്യമിട്ടാണ് ഇക്കുറി ബൂട്ട് കെട്ടുന്നത്. ഖത്തറിൽ ഗോൾഡൻ ഗ്ലൗ സ്വന്തമാക്കിയ വിശ്വസ്ത ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് തന്നെയാണ് വലകാക്കാൻ മുന്നിലുള്ളത്. കരിയറിലെ ആറാം ലോകകപ്പ് കളിക്കാനിറങ്ങുന്ന ഇതിഹാസ താരം ലയണൽ മെസി തന്നെയാണ് ഇത്തവണയും അർജന്റീനയുടെ പ്രധാന നെടുംതൂൺ.
കഴിഞ്ഞ ലോകകപ്പിൽ ടീമിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മെസി മുന്നേറ്റനിരയുടെ ചുമതല വഹിക്കുമ്പോൾ സ്ട്രൈക്കർമാരായി യുവതാരം ജൂലിയൻ അൽവാരസും ലൗട്ടാറോ മാർട്ടീനസും ഒപ്പമുണ്ടാകും. യുവനിരയിലെ തിയാഗോ അൽമാഡ, നിക്കോളാസ് പാസ് എന്നിവരും അറ്റാക്കിങ്ങിൽ കരുത്താകും.
ജൂൺ 11 മുതൽ യു.എസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ സംയുക്ത ആതിഥേയത്വത്തിലാണ് ഇത്തവണത്തെ ലോകകപ്പ് പോരാട്ടങ്ങൾ അരങ്ങേറുന്നത്. ഗ്രൂപ്പ് ജെയിലാണ് അർജന്റീന മത്സരിക്കുന്നത്. അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ജൂൺ 16-ന് അൾജീരിയയ്‌ക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം.
അർജന്റീന ടീം വിവരങ്ങൾ:
ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ്, ജെറോണിമോ റുള്ളി, ജുവാൻ മൂസോ.
പ്രതിരോധനിര: ക്രിസ്റ്റ്യൻ റൊമേറോ, ലിസാൻഡ്രോ മാർട്ടീനസ്, നിക്കോളാസ് ഒട്ടാമെൻഡി, നഹുവൽ മൊളീന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ഗോൺസാലോ മൊണ്ടിയൽ, ലിയാൻഡ്രോ ബാലേർഡി, ഫകൂണ്ടോ മെദീന.
മധ്യനിര: റോഡ്രിഗോ ഡി പോൾ, അലക്സിസ് മക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, ലിയാൻഡ്രോ പാരഡെസ്, ജിയോവാനി ലോ സെൽസോ, എസക്വൽ പാലാസിയോസ്, വാലന്റീൻ ബാർക്കോ.
മുന്നേറ്റനിര: ലയണൽ മെസി, ജൂലിയൻ അൽവാരസ്, ലൗട്ടാറോ മാർട്ടീനസ്, നിക്കോളാസ് ഗോൺസാലസ്, തിയാഗോ അൽമാഡ, നിക്കോ പാസ്, ജൂലിയാനോ സിമിയോണി, ജോസ് മാനുവൽ ലോപസ്.
Story Summary: Argentina’s head coach Lionel Scaloni has announced the 26-man squad for the upcoming FIFA World Cup, with legend Lionel Messi set to play his sixth tournament. The defending champions, placed in Group J, will play their first match against Algeria on June 16.

