ചെന്നൈ: നടൻ രവി മോഹനും ഭാര്യ ആർതി രവിയും തമ്മിലുള്ള വിവാഹമോചന കേസിൽ ഇടക്കാല ജീവനാംശവുമായി ബന്ധപ്പെട്ട് ചെന്നൈ കുടുംബ കോടതിയുടെ നിർണായക ഉത്തരവ്. കേസ് അന്തിമമായി തീർപ്പാകുന്നതുവരെ പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശമായി അനുവദിക്കണമെന്ന ആർതി രവിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല (Aarti Ravi maintenance plea). പകരം പ്രതിമാസം മൂന്ന് ലക്ഷം രൂപ നൽകിയാൽ മതിയെന്നാണ് കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയത്. ജീവനാംശവുമായി ബന്ധപ്പെട്ട വിഷയത്തിനൊപ്പം മക്കളെ കാണുന്നതിനും അവരോടൊപ്പം സമയം ചെലവഴിക്കുന്നതിനും രവി മോഹന് കോടതി അനുമതി നൽകി. ഇതിനായി ഇരുകൂട്ടരും പാലിക്കേണ്ട വ്യവസ്ഥകളും കോടതി നിർദേശിച്ചിട്ടുണ്ട്. മക്കളെ കാണാൻ അവസരം ലഭിക്കുന്നില്ലെന്ന പരാതിയുമായി നടൻ കോടതിയെ സമീപിച്ച സാഹചര്യത്തിലാണിത്.
കഴിഞ്ഞ ജൂണിലാണ് ആർതി രവി കുടുംബ കോടതിയിൽ ഹർജി നൽകിയത്. 2025 ഏപ്രിൽ മുതൽ മക്കളുടെ വിദ്യാഭ്യാസച്ചെലവുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ബാധ്യതകൾ രവി മോഹൻ നിറവേറ്റുന്നില്ലെന്നാണ് ഹർജിയിൽ ആരോപിച്ചത്. തനിക്കും രണ്ട് മക്കൾക്കും വേണ്ടി പ്രതിമാസം 40 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി അനുവദിക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ കോടതി മൂന്ന് ലക്ഷം രൂപ മാത്രമാണ് ഇടക്കാല ജീവനാംശമായി അനുവദിച്ചത്. ഇതോടെ വിഷയത്തിൽ സമൂഹമാധ്യമങ്ങളിലും വ്യാപക ചർച്ചകൾ ആരംഭിച്ചു. ജീവനാംശമായി ആവശ്യപ്പെട്ട തുകയെ ചൂണ്ടിക്കാട്ടി ആർതി രവിക്കെതിരെ നിരവധി വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അതേസമയം, ഇത്തരം കേസുകളിൽ കോടതി ഇരുപക്ഷത്തിന്റെയും വാദങ്ങളും സാഹചര്യങ്ങളും നിയമപരമായി പരിശോധിച്ച ശേഷമാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.
2009 ജൂൺ 4-നാണ് രവി മോഹനും ആർതി രവിയും വിവാഹിതരായത്. ഏകദേശം പതിനഞ്ച് വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2024 സെപ്റ്റംബറിൽ ഇരുവരും വേർപിരിയുന്നതായി പ്രഖ്യാപിച്ചിരുന്നു. വിവാഹജീവിതത്തിനിടെ താൻ മാനസികമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചുവെന്നായിരുന്നു രവി മോഹന്റെ പ്രതികരണം. മറുവശത്ത്, തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് വിവാഹമോചന പ്രഖ്യാപനം നടത്തിയതെന്നായിരുന്നു ആർതി രവിയുടെ നിലപാട്. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്.
Summary: Chennai Family Court granted interim relief to actor Ravi Mohan in the ongoing divorce case by reducing the interim maintenance from the ₹40 lakh sought by his wife Aarti Ravi to ₹3 lakh per month. The court also allowed the actor visitation rights with his children while the case remains pending.


