അനധികൃത പ്ലാസ്റ്റിക് പരസ്യ ബോർഡുകൾ വേണ്ട; ഫ്ലക്സ് ബാനറുകൾക്ക് കർശന വിലക്ക്

സർക്കാർ നിർദേശിച്ച നൂറ് ശതമാനം കോട്ടൺ, റീസൈക്കിൾ ചെയ്യാവുന്ന പോളി എഥിലിൻ എന്നിവയിൽ പി വി സി ഫ്രീ, റീസൈക്കിൾ ലോഗോയും മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് നമ്പർ, ക്യു ആർ കോഡ് എന്നിവ പതിച്ച് കൊണ്ട് മാത്രമേ ഇനി ഉപയോഗിക്കാൻ പാടുള്ളൂവെന്ന നിർദേശമാണ് സർക്കാർ പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ മുഴുൻ പരസ്യ പ്രിന്റിംഗ് സ്ഥാപനങ്ങളിലും മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫൈ ചെയ്ത പുനഃചംക്രമണം ചെയ്യാവുന്ന പോളിഎഥിലിൻ, നൂറ് ശതമാനം കോട്ടൻ എന്നിവ ഉപയോഗിച്ചുള്ള പ്രിന്റിംഗ് ജോലികൾ മാത്രമേ ഏറ്റെടുക്കുകയുള്ളൂവെന്നും തദ്ദേശ വകുപ്പ് നിർദേശിച്ചു. സർക്കാർ നിർദേശിച്ച കോട്ടൻ, പോളി എഥിലിൻ എന്നിവ നിർമിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന സ്ഥാപനങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡ് മുഖാന്തരം സാമ്പിളുകൾ സമർപ്പിക്കണം. കേന്ദ്ര സർക്കാർ സ്ഥാപനമായ ടെക്സ്‌റ്റൈൽ കമ്മിറ്റിയിൽ നിന്ന് കോട്ടൻ പരിശോധിച്ച് നൂറ് ശതമാനം കോട്ടൻ എന്ന് സാക്ഷ്യപ്പെടുത്തണം. സി ഐ പി ഇ ടിയിൽ (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി വകുപ്പ്) നിന്ന് പി വി സി ഫ്രീ, റീസൈക്ലബിൾ പോളി എഥിലിൻ എന്ന് സാക്ഷ്യപ്പെടുത്തിയ വസ്തുക്കൾ മാത്രമേ വിൽപന നടത്താൻ പാടുള്ളൂവെന്ന നിർദേശവും ഉത്തരവിലുണ്ട്.
പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നവർക്കും തദ്ദേശ വകുപ്പ് മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. നിരോധിത പ്രിന്റിംഗ് മെറ്റീരിയലുകളിൽ നിയമപാലകരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പി വി സി ഫ്രീ റീസൈക്ലബിൾ ലോഗോയും പ്രിന്റിംഗ് യൂനിറ്റിന്റെ പേരും പതിച്ച് കൊണ്ടുള്ള ബോർഡുകൾ കണ്ടെത്തിയാൽ പ്രിന്റ് ചെയ്ത സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യും. പ്രോഗ്രാം വിവരങ്ങൾ അടങ്ങിയ ബാനറുകളും ബോർഡുകളുമെല്ലാം പരിപാടി നടന്ന തീയതിയുടെ അടുത്ത ദിവസവും തീയതി വെക്കാത്ത സ്ഥാപനങ്ങളുടെയും മറ്റും ബോർഡുകൾ പരമാവധി 30 ദിവസമായി കണക്കാക്കി സ്ഥാപിച്ചവർ തന്നെ പിന്നീടുളള ഏഴ് ദിവസത്തിനുള്ളിലും നീക്കം ചെയ്യണം. ബോർഡുകൾ നീക്കം ചെയ്യാത്തവരിൽ നിന്ന് സ്‌ക്വയർ ഫീറ്റിന് 20 രൂപ നിരക്കിൽ പിഴയും നീക്കം ചെയ്യുന്നതിനും മറ്റുമുള്ള ചെലവടക്കം ഈടാക്കി അതത് തദ്ദേശ സ്ഥാപനങ്ങൾ നീക്കം ചെയ്യും. നിയമവിരുദ്ധമായി സ്ഥാപിക്കുന്ന ബോർഡുകൾ, ഹോർഡിംഗുകൾ, ഷോപ്പ് ബോർഡുകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതിപ്പെടാനുള്ള പരാതി പരിഹാരസെൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും രൂപവത്കരിക്കണമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.