

ചെന്നൈ/തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണസംഘം സമൻസ് നൽകിയ എം.എസ്. മണി എന്ന സുബ്രഹ്മണ്യം തന്നെയാണ് കേസിലെ ദുരൂഹ വ്യക്തിയായ ഡി. മണിയെന്ന് പ്രവാസി വ്യവസായി സ്ഥിരീകരിച്ചു. ഇതോടെ കേസിൽ തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള ബന്ധങ്ങൾ കൂടുതൽ വ്യക്തമാവുകയാണ്.
എം.എസ്. മണിയുടെ ചിത്രങ്ങൾ അന്വേഷണസംഘം വിദേശത്തുള്ള വ്യവസായിക്ക് അയച്ചുകൊടുത്തിരുന്നു. ഇത് കണ്ട വ്യവസായി, ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം കണ്ട വ്യക്തി ഇയാൾ തന്നെയാണെന്ന് ഉറപ്പിച്ചു. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വ്യവസായിയുമായി സംസാരിച്ച് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് വെച്ച് ഉണ്ണികൃഷ്ണൻ പോറ്റിയും ഡി. മണിയും തമ്മിൽ പഞ്ചലോഹ വിഗ്രഹങ്ങളുടെ ഇടപാട് നടത്തുന്നത് താൻ നേരിട്ട് കണ്ടുവെന്നാണ് വ്യവസായിയുടെ മൊഴി. ഈ സമയത്ത് കേരളത്തിലെ പ്രമുഖനായ ഒരു വ്യക്തി കൂടി ഇവർക്കൊപ്പമുണ്ടായിരുന്നു എന്നും മൊഴിയുണ്ട്.
ദിണ്ടിക്കൽ സ്വദേശിയായ മണിയെ ചോദ്യം ചെയ്തപ്പോൾ താൻ ഡി. മണിയല്ലെന്നും സുഹൃത്തിന്റെ നമ്പർ ദുരുപയോഗം ചെയ്തതാണെന്നുമാണ് ഇയാൾ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ വ്യവസായിയുടെ സ്ഥിരീകരണത്തോടെ ഇയാളെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ എസ്.ഐ.ടി തീരുമാനിച്ചു.
ഇടപാട് നടന്ന സ്ഥലത്തെക്കുറിച്ചും കൂടെയുണ്ടായിരുന്ന 'പ്രമുഖൻ' ആരാണെന്നതിനെക്കുറിച്ചുമുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ ഈ വെളിപ്പെടുത്തൽ അന്വേഷണത്തിൽ അതീവ നിർണ്ണായകമാകും.