തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട്ടിലെ ഡിണ്ടിഗൽ, വിരുദനഗർ എന്നിവിടങ്ങളിൽ പ്രത്യേക അന്വേഷണ സംഘം (SIT) മിന്നൽ പരിശോധന നടത്തി. സംഘം ചോദ്യം ചെയ്ത തമിഴ്നാട് സ്വദേശി തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചു. പോലീസ് തെറ്റിദ്ധരിച്ചാണ് തന്റെ അടുത്തെത്തിയതെന്നും താൻ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ പേര് എം.എസ്. മണി എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(No connection with Potty, SIT interrogates person in Sabarimala gold theft case)
പോലീസ് അന്വേഷിക്കുന്നത് 'ഡി. മണി' എന്ന വ്യക്തിയെയാണ്, എന്നാൽ തന്റെ പേര് എം.എസ്. മണി എന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേസിലെ പ്രതികളിൽ ഒരാളുടെ ഫോണിൽ തന്റെ നമ്പർ ഉണ്ടായിരുന്നു. ഈ മൊബൈൽ നമ്പർ നേരത്തെ ബാലമുരുകൻ എന്ന വ്യക്തി ഉപയോഗിച്ചിരുന്നതാണ്. ആ വിവരങ്ങൾ ചോദിക്കാനാണ് എസ്ഐടി എത്തിയത്.
കേസിലെ മറ്റൊരു പ്രധാന വ്യക്തിയായ പോറ്റിയുടെ ചിത്രം പോലീസ് കാണിച്ചെങ്കിലും തനിക്ക് അറിയില്ലെന്ന മറുപടിയാണ് നൽകിയത്. പോറ്റിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശ വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡിണ്ടിഗലിലെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയത്. ഈ നമ്പറുമായി ബന്ധപ്പെട്ട കൂടുതൽ ഡിജിറ്റൽ തെളിവുകൾ പോലീസ് പരിശോധിച്ച് വരികയാണ്.
എം.എസ്. മണിക്ക് പ്രത്യേക അന്വേഷണ സംഘം (SIT) നോട്ടീസ് അയച്ചു. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ നേരിട്ട് ഹാജരായി ചോദ്യം ചെയ്യലിന് വിധേയനാകണമെന്നാണ് നോട്ടീസിലെ ആവശ്യം. കഴിഞ്ഞ ദിവസം ഡിണ്ടിഗലിലെ വസതിയിൽ വെച്ച് മണിയെ പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വിശദീകരണങ്ങൾക്കായി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരിക്കുന്നത്.
എസ്ഐടി നോട്ടീസ് അയച്ചതായി വാർത്തകൾ വരുന്നുണ്ടെങ്കിലും തനിക്ക് അത്തരത്തിൽ ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നാണ് മണി പറയുന്നത്. താൻ ഡി. മണിയല്ലെന്നും പോലീസിന് തെറ്റുപറ്റിയതാണെന്നുമുള്ള മുൻ നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണ്.