തൃശൂർ: കോർപ്പറേഷനിലെ അഴിമതി ആരോപണങ്ങളെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട കൗൺസിലർ ലാലി ജെയിംസ് ഡി.സി.സി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത്. തന്നെ തിരിച്ചെടുത്താലും ഇല്ലെങ്കിലും മരണം വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകയായി തുടരുമെന്ന് അവർ വ്യക്തമാക്കി. എന്നാൽ, പാർട്ടിക്കുള്ളിലെ അഴിമതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.(Suspension action should not be taken under cover of night, says Lali James)
അച്ചടക്ക നടപടി സ്വീകരിച്ച രീതിയെ ലാലി ജെയിംസ് കടുത്ത ഭാഷയിൽ വിമർശിച്ചു. "എന്നെ സസ്പെൻഡ് ചെയ്ത വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഡി.സി.സി പ്രസിഡന്റ് കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നു. നോട്ടീസ് നൽകി വിശദീകരണം ചോദിക്കുക എന്ന സാമാന്യ മര്യാദ പോലും കാണിച്ചില്ല. രാത്രിയുടെ മറവിലല്ല സസ്പെൻഷൻ നടപടി എടുക്കേണ്ടത്," ലാലി ജെയിംസ് പറഞ്ഞു.
തന്നെ നേരിട്ട് വിളിച്ച് കാര്യങ്ങൾ തിരക്കാനുള്ള മനസ്സ് നേതൃത്വം കാണിച്ചില്ലെന്നും, അഴിമതിയിൽ പങ്കാളികളായവരാണ് തനിക്കെതിരെയുള്ള നീക്കത്തിന് പിന്നിലെന്നും അവർ ആരോപിച്ചു. താാൻ ഉന്നയിച്ച അഴിമതി ആരോപണങ്ങളിൽ മാറ്റമില്ലെന്ന് ലാലി ജെയിംസ് വ്യക്തമാക്കി. തനിക്ക് വിശ്വാസമുള്ളവരാണ് അഴിമതി വിവരങ്ങൾ കൈമാറിയത്. അഴിമതിരഹിത ഭരണമാണ് താൻ ആഗ്രഹിക്കുന്നത്. അതിൽ വിട്ടുവീഴ്ച ചെയ്ത് മൗനമായി ഇരിക്കാൻ കഴിയില്ല. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കോൺഗ്രസ് കൗൺസിലർമാർക്കൊപ്പം തുടർന്നും പ്രവർത്തിക്കുമെന്നും എന്നാൽ തെറ്റായ അജണ്ടകൾക്കൊപ്പം നിൽക്കില്ലെന്നും അവർ വ്യക്തമാക്കി. കോർപറേഷൻ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂർ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നതിന്റെ സൂചനയാണ് ലാലി ജെയിംസിന്റെ ഈ വെളിപ്പെടുത്തലുകൾ.