തിരുവനന്തപുരം: കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖ കടുത്ത അതൃപ്തിയിൽ. തന്നെ അപമാനിച്ചെന്ന വികാരമാണ് ബി.ജെ.പി നേതൃത്വത്തെ അവർ അറിയിച്ചിരിക്കുന്നത്. അതിനിടെ, ബി.ജെ.പി അംഗങ്ങളുടെ സത്യപ്രതിജ്ഞയിൽ ചട്ടലംഘനമുണ്ടെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് അസാധുവാക്കാൻ സി.പി.എം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.(Thiruvananthapuram Mayoral post, R Sreelekha continues to be dissatisfied?)
മേയറായി വി.വി. രാജേഷ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നിന്ന് പാതിവഴിയിൽ ശ്രീലേഖ ഇറങ്ങിപ്പോയത് വലിയ ചർച്ചയായിരുന്നു. പുതിയ മേയർക്ക് ആശംസ അറിയിക്കാൻ പോലും ശ്രീലേഖ ഇതുവരെ തയ്യാറായിട്ടില്ല. ഇന്നലെ വി.വി. രാജേഷ് നേരിട്ടെത്തി ശ്രീലേഖയെ കണ്ടിരുന്നു.
മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങൾ ചട്ടലംഘനം നടത്തിയതായി സി.പി.എം ആരോപിക്കുന്നു. 'ബലിദാനികളുടെ' പേരിൽ നടത്തിയ സത്യപ്രതിജ്ഞ അംഗീകരിക്കാൻ കഴിയില്ലെന്നും ഇത് നിയമവിരുദ്ധമാണെന്നും സി.പി.എം നേതാവ് എസ്.പി. ദീപക് പറഞ്ഞു. ഇരുപതോളം അംഗങ്ങൾ ചട്ടം ലംഘിച്ചാണ് പ്രതിജ്ഞ എടുത്തത്. നിയമപരമായി പ്രതിജ്ഞ എടുത്തവരുടെ വോട്ടുകൾ മാത്രം പരിഗണിച്ച് വോട്ടെടുപ്പ് വീണ്ടും നടത്തണം. വിഷയത്തിൽ കോടതിയെ സമീപിച്ച് വോട്ടെടുപ്പ് അസാധുവാക്കാനാണ് സി.പി.എം നീക്കം.